
തിരുവനന്തപുരം: തടങ്കലിൽ കഴിയുന്ന ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്ന അപൂർവ സംഭവത്തിനാണ് കേരള രാഷ്ട്രീയം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ജയിൽവാസം അനുഭവിക്കുന്നതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച പല നേതാക്കളുമുണ്ടെങ്കിലും ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത സംഭവം കേരള രാഷ്ട്രീയ ചരിത്രത്തിലില്ല.
ജൂൺ ഒൻപതിന് കാപ്പ ചുമത്തിയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ സുഗതനെ ജയിലിലാക്കിയത്. കോടതി നിർദ്ദേശിച്ചാൽ സത്യപ്രതിജ്ഞയ്ക്ക് സൗകര്യമൊരുക്കാം എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിയ്യൂർ ജയിലിൽ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുങ്ങുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ നഗരസഭയിലെയും തലശ്ശേരി നഗരസഭയിലെയും രണ്ട് കൗൺസിലർമാർക്ക് ജയിലിലായതിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. പയ്യന്നൂർ നഗരസഭ 36-ാം വാർഡിൽ 341 വോട്ടുകൾക്ക് ജയിച്ച സി.പി.എമ്മിലെ നിഷാദിന് പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
തലശ്ശേരി നഗരസഭ 37-ാം വാർഡിൽ 121 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച ബി.ജെ.പിയിലെ യു.പ്രശാന്ത് സി.പി.എം പ്രവർത്തകന്റെ വീടാക്രമിച്ച കേസിൽ 36 വർഷത്തെ ശിക്ഷ ലഭിച്ച് അകത്തായി. രണ്ടുപേരെയും അയോഗ്യരാക്കുകയോ, ഉപതിരഞ്ഞെടുപ്പ് നടത്താതിരിക്കുകയോ ചെയ്തതിനാൽ വാർഡുകൾ അനാഥാവസ്ഥയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |