SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.44 PM IST

"എന്റെ നടുവെട്ടി, അനങ്ങാനൊക്കത്തില്ല"; കൊട്ടിക്കലാശത്തിൽ പങ്കെടുക്കുന്നതിനെപ്പറ്റി സുരേഷ് ഗോപി

READ ENGLISH VERSION
suresh-gopi

തൃശൂർ: നടുവെട്ടി അനങ്ങാനൊക്കാത്ത അവസ്ഥയാണെന്ന് തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. കലാശക്കൊട്ടിൽ താൻ പങ്കെടുക്കുമെങ്കിലും കുടുംബാംഗങ്ങളൊന്നും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ നടുവെട്ടി, അനങ്ങാനൊക്കത്തില്ല. കലാശക്കൊട്ടിൽ പങ്കെടുക്കും. കുടുംബാംഗങ്ങളൊന്നും വരില്ല. കാരണം അത്ര നികൃഷ്ടന്മാർ നമ്മുടെ സംസ്ഥാനത്തുള്ളതുകൊണ്ട്, മതേതരത്വത്തെ മാനിക്കാത്തവന്മാർ,അതുപോലെ ജനാധിപത്യ അവകാശങ്ങളെ മാനിക്കാത്തവർ...കുടുംബാംഗങ്ങൾ വരുന്നില്ല. ഇതെന്റെ കാര്യമാണ്. എന്റെ രാഷ്ട്രീയമാണ്.'- സുരേഷ് ഗോപി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഡോ. വന്ദനാദാസിന്റെ പിതാവ് മോഹൻദാസ് സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഇന്ന് മുഴുവൻ സുരേഷ് ഗോപിക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ കൊട്ടിക്കലാശം ഇന്ന് വൈകിട്ട് 4.30 ന് നടക്കും. സുരേഷ്‌ ഗോപിയുമായി ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നുമാരംഭിക്കുന്ന കൊട്ടിക്കലാശ പ്രകടനം രാഗം തിയേറ്ററിന് സമീപം സമാപിക്കും. തൃശൂർ, ഒല്ലൂർ, പുതുക്കാട്, ചേർപ്പ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. കലാരൂപങ്ങളും ആഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും ബൈക്ക് റാലിയുമുണ്ടാകും. വൈകിട്ട് നാലരയ്ക്ക് ആരംഭിക്കുന്ന പ്രകടനം ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നും ആരംഭിച്ച് നായ്ക്കനാൽ നടുവിലാൽ വഴി രാഗം തിയേറ്ററിനും തെക്കേഗോപുര നടയിലുമായി സമാപിക്കും.

അതേസമയം, സംസ്ഥാനത്തുടനീളമുള്ള പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും.വൈകിട്ട് ആറുമണിക്ക് കഴിയുന്നതോടെ, നിശബ്ദമായി അവസാന തന്ത്രങ്ങൾ പയറ്റുന്നതിലേക്ക് സ്ഥാനാർത്ഥികളും പാർട്ടികളും തിരിയും.

കൊട്ടിക്കലാശത്തിൽ വനിതകളുൾപ്പെടെ പരമാവധി പ്രവർത്തകരെ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്ന് മുന്നണികളും. ഉച്ചയോടെ നടക്കുന്ന സ്ഥാനാർത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകർഷണം. അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യം ഉണ്ടാവും. വാദ്യമേളങ്ങളും വെടിക്കെട്ടും സമാപന നിമിഷങ്ങൾക്ക് ആവേശം കൂട്ടും. ആവേശം അതിരുകടക്കാതിരിക്കാൻ വൻതോതിൽ പൊലീസിനെ വിന്യസിക്കും . ഇടതു സ്ഥാനാർത്ഥികളുടെ റോഡ് ഷോ മിക്ക ജില്ലകളിലും ഇന്നലെ പൂർത്തിയാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, LOKSABHA, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA