
കോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ സ്ഥാനം ടി.പി.രാമകൃഷ്ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിഞ്ഞതിന് പിന്നാലെയാണിത്. കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ പി.രാജീവ് കൺവീനറാകും.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ആരോഗ്യപ്രശ്നങ്ങൾ കാരണം ടി.പി.രാമകൃഷ്ണൻ കൺവീനർ സ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന നിലപാടിലായിരുന്നു സി.പി.എം നേതൃത്വം. ഇതിനിടയിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് അദ്ദേഹം ഒഴിവായത്. മുന്നണിയുടെ പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കുന്നതിനൊപ്പം സർക്കാരിനെതിരായ പ്രക്ഷോഭങ്ങളും സജീവമാക്കണം. ഈ സാഹചര്യത്തിലാണ് പുതിയ കൺവീനറെക്കുറിച്ചുള്ള ആലോചന വന്നത് പി.രാജീവിനെ പാർട്ടി സെന്ററിന്റെ ഭാഗമായി നിറുത്തുന്നത് കൂടുതൽ പ്രയോജനകരമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. പാർട്ടിയിൽ പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മാറ്റങ്ങളുടെ ഭാഗമായാണ് രാജീവിനെ പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |