
തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ സഹോദരീ ഭർത്താവും, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ദേവസ്വം സ്‌പെഷ്യൽ പ്ളീഡറായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുടെ അഭിഭാഷകനും ഇടംപിടിച്ചത് വി.ഡി. സതീശൻ സർക്കാരിന്റെ കണ്ണു തുറപ്പിച്ചു.
രണ്ടുപേരെയും അതിവേഗം മുഖ്യമന്ത്രി ഒഴിവാക്കിയെങ്കിലും അതുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം ചെറുതല്ല.
നടത്തിയ നിയമനങ്ങൾ സ്ക്രീനിംഗിന് വിധേയമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ശേഷിക്കുന്ന നിയമനങ്ങൾ ജാഗ്രതയോടെയും അവധാനതയോടെയും നടത്താനാണ് തീരുമാനം.
നിയമനം ആഗ്രഹിക്കുന്നവരുടെ വലിയൊരു പട്ടികതന്നെ സർക്കാരിനു മുന്നിലുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെയും ഡയക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെയും ഓഫീസുകളിൽ ആകെ 133 അഭിഭാഷകർക്കാണ് നിയമനം നൽകേണ്ടത്. നിയമനം ലഭിച്ച 90 പേരുടെ കൂട്ടത്തിലാണ് ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ കേസ് വാദിച്ചിരുന്ന അഭിഭാഷകൻ കെ.ബി. പ്രദീപ് ഇടംപിടിച്ചത്. അദ്ദേഹത്തിന്റെ ഒഴിവിൽ ഉൾപ്പെടെ ഇനി 44 പേരെ നിയമിക്കണം.
അഡ്വ. കെ.ബി. പ്രദീപ് എങ്ങനെ പട്ടികയിൽ ഉൾപ്പെട്ടു എന്നതിലെ ദുരൂഹത നിലനിൽക്കുകയാണ്. അസംതൃപ്തി
യൂത്ത് കോൺഗ്രസിലൂടെ പ്രകടമാവുകയും ചെയ്‌തു. കൂട്ടത്തിലും കണ്മുന്നിലും ഉള്ളവരെ കാണാതെ ശുപാർശകളിലെ പ്രാമുഖ്യം മാത്രം കാണരുതേ എന്ന് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോണാണ്.
പ്രതിപക്ഷം വിടില്ല
സർക്കാർ തിരുത്തിയെങ്കിലും ശബരിമല കേസുള്ള കാലത്തോളം പ്രതിപക്ഷത്തിന്റെ ആക്ഷേപം കേൾക്കേണ്ടിവരും എന്നതാണ് കോൺഗ്രസിനെയും യു.ഡി.എഫിനെയും അസ്വസ്ഥമാക്കുന്നത്. ചുരുങ്ങിയ മണിക്കൂറേ സ്‌പെഷ്യൽ പ്ളീഡർ ചുമതലയിൽ ഇരുന്നുള്ളൂവെങ്കിലും ശബരിമല കേസുമായി ബന്ധപ്പെട്ട രേഖകൾ അഡ്വ. പ്രദീപിന്റെ കൈവശം എത്തിക്കാണുമെന്ന ആരോപണം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ചത് ഇതിന്റെ സൂചനയാണ്. സ്വർണ്ണക്കൊള്ള കേസിൽ അട്ടിമറി സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ആർ.എസ്.എസ് അജണ്ടയുടെ സന്ദേശമാണ് ഈ നിയമനം നൽകുന്നത് എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിമർശനം.
പേഴ്സണൽ സ്റ്റാഫ് നിയമനം
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും കടമ്പയായി നിൽക്കുന്നു. ചുരുക്കം മന്ത്രിമാരാണ് നിയമനം പൂർത്തിയാക്കിയത്. നിരവധി ശുപാർശകൾ സർക്കാരിനു മുന്നിലെത്തുന്നുണ്ട്. ഈ നിയമനങ്ങളിലും എല്ലാ വിധ പരിശോധനകളും നടത്തി സുതാര്യമാക്കാനാണ് നീക്കം. സ്റ്റാഫ് നിയമനം നടക്കാത്തതിനാൽ പല വകുപ്പുകളും പൂർണ്ണതോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |