
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ആർ.എസ്.എസിനും സംഘപരിവാറിനും പൂർണമായി കീഴടങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ സർക്കാർ തീരുമാനമെടുത്തത് ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ്. വന്ദേമാതരം പൂർണമായും പാടിയില്ലെങ്കിൽ മൂന്നു വർഷം തടവുശിക്ഷ ലഭിക്കുമെന്ന് നിയമത്തെ തെറ്റായി വ്യാഖ്യാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ഗാനം ആലപിക്കുമ്പോൾ ഏതെങ്കിലും വിധത്തിൽ തടസപ്പെടുത്താനോ പ്രശ്നങ്ങളുണ്ടാക്കാനോ പാടില്ലെന്ന് മാത്രമാണ് നിയമത്തിൽ പറയുന്നത്. മുഖ്യമന്ത്രിയോട് ചർച്ച ചെയ്യാതെ ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കില്ല. പി.എം.എ.വൈ പ്രകാരമുള്ള വീടുകൾക്ക് മുന്നിൽ ചാപ്പ കുത്താനുള്ള കേന്ദ്ര നിർദ്ദേശം സംഘപരിവാറിന് മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തുന്നതിന്റെ മറ്റൊരു തെളിവാണ്. വീടുകൾ കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന് അടയാളപ്പെടുത്താനാണ് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ
അടിയന്തരാവസ്ഥ
അനുകൂലമല്ലാത്ത ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടതിലൂടെ സംസ്ഥാനത്ത് സോഷ്യൽ മീഡിയ അടിയന്തരാവസ്ഥ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകൾ പോലും അപ്രത്യക്ഷമാകുന്നു. മുഖ്യമന്ത്രിയും മയക്കുമരുന്ന് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകളും പ്രതികരണങ്ങളും കൂട്ടത്തോടെ കാണാതാവുകയാണ്. നരേന്ദ്രമോദിയുടെ വഴിയിലൂടെയാണ് വി.ഡി.സതീശനും നീങ്ങുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് വി.ഡി.സതീശന്റെ ഒരു വീഡിയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം നീക്കുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. അന്ന് അതിനെല്ലാം നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി. ഇദ്ദേഹത്തിന് മെറ്റയിൽ സ്വാധീനമില്ലെന്ന് മുഖ്യമന്ത്രി കള്ളംപറയുകയാണ്. ടി.ജി.മോഹൻദാസിന്റെ വിദ്വേഷവീഡിയോ നീക്കം ചെയ്യാത്ത സർക്കാരാണ് ഇപ്പോൾ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |