SignIn
Kerala Kaumudi Online
Monday, 05 October 2026 1.28 PM IST

ആരാണ് കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ? കിടിലൻ മറുപടി നൽകി എം ബി രാജേഷ്

rajesh

ആലത്തൂർ എം എൽ എ കെ ഡി പ്രസേനനെ വാനോളം പ്രശംസിച്ച് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശംസ. കേരളത്തിലെ ഏറ്റവും സുന്ദരനായ എം എൽ എ ആരാണ് എന്ന് ചോദിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എം എൽ എയാണ് ഏറ്റവും സുന്ദരനെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


ഏറ്റവും സുന്ദരനായ എം എൽ എ എന്ന പദവി ആലത്തൂർ എം എൽ എ കെ ഡി പ്രസേനൻ കൈവരിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും മണ്ഡലത്തിൽ അഞ്ഞൂറ് കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് മാലിന്യമുക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന് പ്രസേനൻ മറുപടിയും നൽകിയിട്ടുണ്ട്. 'നവകേരളത്തെ മാലിന്യമുക്തമാക്കാനുള്ള പോരാട്ടത്തിൽ കൂടെയുണ്ട്' എന്നായിരുന്നു എം എൽ എ മന്ത്രിയുടെ പോസ്റ്റിന് കമന്റ് ചെയ്‌തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണ്‌? സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എംഎൽഎയാണ്‌ ഏറ്റവും സുന്ദരനായ എംഎൽഎ. ആ പദവി ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ കൈവരിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ആലത്തൂർ മണ്ഡലത്തിൽ അഞ്ഞൂറ്‌ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്‌ മാലിന്യമുക്തമാക്കി, ബ്യൂട്ടി സ്പോട്ടുകളാക്കുന്ന ഭാവനാപൂർണ്ണമായ ഒരു പരിപാടിക്ക്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ തുടക്കം കുറിച്ചു.

500 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്ന ഭാവനാപൂർണ്ണമായ പദ്ധതി നടപ്പാക്കുന്നത്‌ മുപ്പതിനായിരത്തോളം സന്നദ്ധപ്രവർത്തകരടങ്ങുന്ന ക്ലീൻ ആർമി മണ്ഡലത്തിൽ രൂപീകരിച്ചുകൊണ്ടാണ്‌. ഇന്ന് ക്ലീൻ ആർമിയുടെ നേതൃത്വത്തിൽ മുപ്പതിനായിരം പേർ അണിനിരക്കുന്ന ശുചീകരണ പ്രവർത്തനമാണ്‌ മണ്ഡലത്തിൽ നടക്കുന്നത്‌.

ഇന്ന് ശുചിയാക്കുന്ന സ്ഥലങ്ങളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, അന്നേദിവസം ജന്മദിനമുള്ള ആളുകൾ ഫലവൃക്ഷത്തൈകൾ നടും. ജന്മവൃക്ഷം എന്ന നിലയിൽ അവരവർ തന്നെ അത്‌ പരിപാലിക്കുകയും ചെയ്യും. തുടർന്ന് മണ്ഡലത്തിലെ സ്കൂളുകളിലെല്ലാം കുട്ടികളുടെ ജന്മദിനത്തിൽ ഫലവൃക്ഷത്തൈകൾ കൊടുക്കുകയും, അത്‌ നട്ടു പരിപാലിക്കുകയും ചെയ്യുന്ന ഭാവനാപൂർണ്ണവും ആകർഷകവുമായ പരിപാടിയാണ്‌ കെ ഡി പ്രസേനൻ എംഎൽഎ ആവിഷ്കരിച്ചിട്ടുള്ളത്‌.

സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌, ഓരോ അസംബ്ലി മണ്ഡലത്തെയും മാലിന്യമുക്തമാക്കാൻ എംഎൽഎമാർ നേതൃത്വം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച്‌ വ്യക്തിപരമായ കത്ത്‌ മന്ത്രി എന്ന നിലയിൽ എല്ലാവർക്കും നൽകിയിരുന്നു. ആ അഭ്യർത്ഥന മാനിച്ച്‌ ഭാവനാപൂർണ്ണമായ പദ്ധതികളുമായി മുന്നോട്ടുവന്ന കെ ഡി പ്രസേനൻ എം എൽ എയ്ക്ക്‌ നന്ദി. എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്‌ ആലത്തൂരിൽ നടപ്പാക്കുന്ന പരിപാടികൾ. മറ്റു പല എം എൽ എമാരും ഇതുപോലെ വൈവിധ്യമാർന്ന പരിപാടികളുമായി മുന്നോട്ടു വന്നിട്ടുണ്ട്‌. ഓരോ മണ്ഡലത്തിലും എം എൽ എമാരുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ സമാഹരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്‌. അത്‌ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ വലിയ മുതൽക്കൂട്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MB RAJESH, FB POST, ALATHUR MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA