SignIn
Kerala Kaumudi Online
Friday, 11 September 2026 6.28 PM IST

'അന്ന് മുതൽ പിന്നെ ആരും എന്നോട് ചോയ്ച്ചില്ല വല്ലോം കഴിച്ചോന്ന്'; അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ശീതൾ ശ്യാം

READ ENGLISH VERSION
-sheetal-shyam

അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും നടിയും മോഡലുമായ ശീതൾ ശ്യാം. അമ്മയോടൊപ്പം ഉള്ള ഓർമ്മകൾ എപ്പോഴും ഉള്ളു നീറ്റൽ ഉള്ളവയാണെന്ന് ശീതൽ ശ്യാം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കുട്ടിക്കാലത്ത് അമ്മ തല്ലാൻ വരുന്നതും പിന്നീട് സ്‌നേഹത്തോടെ പെരുമാറുന്നതുമൊക്കെ ശീതൾ കുറിക്കുന്നു. അമ്മയുടെ മരണത്തിന് ശേഷമുണ്ടായ ശൂന്യതയെക്കുറിച്ചും ശീതൾ വിവരിക്കുന്നു.

ശീതളിന്റെ വാക്കുകളിലേക്ക്...
അമ്മയോടൊപ്പം ഉള്ള ഓർമ്മകൾ എപ്പോഴും ഉള്ളു നീറ്റൽ ഉള്ളവയാണ.് ഓർത്തെടുക്കാൻ പറ്റുന്ന നല്ല ദിവസം പോലും ചിലപ്പോൾ ഉണ്ടാകില്ല. നല്ല ഉടുപ്പ് വാങ്ങി തരുമ്പോൾ നല്ല പലഹാരം വാങ്ങി തരുമ്പോൾ തലയിൽ എണ്ണ തേച് തരുമ്പോൾ നല്ല ഭക്ഷണം ഉണ്ടാക്കി തരുമ്പോൾ മാത്രം അമ്മയെ പുകഴ്ത്തി പറയുന്ന ഒരാളായിരുന്നു ഞാൻ. അടുത്തുള്ള തയ്യൽ കടയിൽ പോയി വെട്ടി മാറ്റിയിട്ട തുണി കൊണ്ടു വന്നു സാരി ആക്കി ചുറ്റി പാടത്തെ പർപടക പുല്ല് തലയിൽ മുടി ആക്കി മെടഞ്ഞു വേലിയിൽ ഉള്ള ചെടി പടർപ്പുകളെ സ്‌കൂൾ കുട്ടികൾ ആയി കരുതി വടി എടുത്തു അടിച്ചു ടീച്ചർ ആയി അഭിനയിക്കുന്ന സ്ഥിരം പരിപാടി കാഴ്ച്ച വെക്കും.

മറ്റു കുട്ടികൾ കളിക്കുന്ന കളികൾക്കു പോകാത്തത്തും ആരും കൂടാത്തതും മറ്റൊരു കാര്യം പാടത്തു പുല്ല് അരിയാനോ പറമ്പിൽ വിറകു പെറുക്കാൻ വരുന്ന ചേച്ചി മാരോ അമ്മച്ചി മാരോ എന്റെ അമ്മയെ വിളിച്ചു കാര്യം പറയും (ഈ ചെക്കൻ പെണ്ണ് കളി കളിക്കുന്ന രാധേ ഇവനെ ഇങ്ങനെ വിട്ടാൽ പറ്റൂല നല്ല അടി കൊടുക്കണം )അമ്മ അത് കേട്ടു അടുക്കളയിൽ നിന്നും ഓടി വരും. ഞാനും ഓടും കൈയിൽ അമ്മ തെങ്ങിൽ പട്ട മടൽ കൈയിൽ കരുതിയിട്ടുണ്ടാകും.

ഞാൻ കണ്ട പാടെ ഓടും അമ്മ പിറകെ അപ്പുറത്തെ പറമ്പിലെ തെങ്ങിൽ മറവിൽ ഒളിച്ചു കളിക്കും. അമ്മ ഇങ്ങോട്ട് നോക്കും ഞാൻ അങ്ങോട്ട് തിരിച്ചു നോക്കും. നിക്കവിടെ എന്നും പറഞ്ഞു എന്നെ അടിക്കാൻ ഓടിക്കും. ഞാൻ ഓടും പക്ഷേ അമ്മക്ക് ശരിക്കും എന്നെ അടിക്കാൻ പാകത്തിന് കിട്ടും. മടൽ കൊണ്ടു എറിയാൻ ശ്രമിക്കും എന്നാൽ അടിക്കാൻ പാകത്തിന് കിട്ടിയാൽ അടിക്കൂല എറിയാൻ കിട്ടിയാൽ എറിയൂല ഞാൻ കൊഞ്ഞനം കുത്തി കാണിക്കുമ്പോൾ പട്ട മടൽ ദൂരെ എറിഞ്ഞു എന്നെ ഓടി വന്നു കെട്ടി പിടിക്കും.

എന്നിട്ട് പറയും ഈ തയ്യൽ കടയിലെ വെട്ടു പീസ് മാറ്റി ഒരു ഷാൾ ആക്കികൂടെ അപ്പോ നല്ല ചന്തം ഉണ്ടാകും. പർപ്പടക പുല്ല് മാറ്റി ബ്ലാക്ക് നെറ്റ് വെച്ചാൽ മതി ഇങ്ങനെ ഐഡിയ പറയും എന്നെ തല്ലി ശരിയാകാൻ നിൽക്കുന്ന ചേച്ചി മാർ അമ്മച്ചി മാർ ഇതു കേട്ടു അവരുടെ പണി നോക്കും. ഞാൻ അമ്മയെ ഇറുക്കി കെട്ടി പിടിക്കും അമ്മ സാരി തലപ്പു കൊണ്ടു എന്റെ മുഖം തുടയ്ക്കും വാ വല്ലതും കഴിക്കാം. വലുതായപ്പോ ബാംഗ്ലൂർ ജീവിതം തുടങ്ങി.

ആ നാട് എന്നെ ഒത്തിരി ആകർഷിച്ചു. ജോലി ആയി ബന്ധപ്പെട്ടു അന്ന് ഫോൺ ഉണ്ടായിരുന്നു. അമ്മ നാട്ടിൽ നിന്നും വിളിക്കും. വല്ലോം കഴിച്ചോ ഞാൻ തിരിച്ചു ചൂടായി മറുപടി പറയും എന്തിനാ എപ്പോഴും വിളിക്കുന്നത് ഞാൻ എന്തെങ്കിലും കഴിച്ചോളാം. എപ്പോഴും ഇങ്ങനെ വിളിക്കണ്ട. 2008ൽ പാടവരമ്പത്തു തണുത്ത ആ ശരീരം നിറം മങ്ങി അടുക്കളകരി പുരണ്ട ആ സാരിയിൽ ചത്തു മലച്ചു കിടക്കുന്ന കണ്ടത് മുതൽ പിന്നെ ആരും എന്നോട് ചോയ്ച്ചിലാ വല്ലോം കഴിച്ചോ. എന്ന് ആ ഫോൺ വിളി ഇപ്പോ വന്നിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിക്കുന്നു. കൂടെ ഒരു നല്ല ചിത്രം പോലും നമ്മൾ തമ്മിൽ ഇല്ലാലോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, LATEST NEWS IN MALAYALAM, SHEETHAL SHYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA