
തിരുവനന്തപുരം: പ്രളയകാലത്ത് അണക്കെട്ടുകൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഇതോടെ 72 മണിക്കൂർ മുൻപേ വിവരങ്ങൾ ലഭ്യമാവും. പെട്ടെന്ന് ഡാമുകൾ തുറക്കേണ്ട സാഹചര്യമൊഴിവാകും. ഘട്ടംഘട്ടമായി ഡാമുകൾ തുറന്നുവിട്ടാൽ വെള്ളപ്പൊക്കം തടയാം. നദീതടങ്ങളിലും താഴ്‌വാരങ്ങളിലും എത്രത്തോളം വെള്ളം ഉയരുമെന്ന് കണക്കുകൂട്ടാനാവും. പ്രകൃതിദുരന്തങ്ങൾ കാരണമുള്ള ജീവഹാനി പരമാവധി ഒഴിവാക്കാം.
ഡാമുകളിലേക്ക് ഒഴുകിയെത്തുന്നതും ഒഴുകിപ്പോവുന്നതുമായ വെള്ളത്തിന്റെ അളവ് തത്സമയം വിശകലനം ചെയ്യാനും പ്രവചിക്കാനും എ.ഐയ്ക്ക് കഴിയും. നാസയുടേതടക്കം കാലാവസ്ഥാ നിരീക്ഷണ ഏജൻസികളെ ഇതുമായി ബന്ധപ്പെടുത്തുന്നതോടെ കൃത്യമായ മുന്നറിയിപ്പുകൾ ലഭ്യമാവും.
വൃഷ്ടിപ്രദേശത്തെ മഴ, താഴ്‌ന്ന പ്രദേശങ്ങളിലെയും നദികളിലെയും ജലനിരപ്പ്, എത്രഅളവിൽ മഴപെയ്യും എന്നിങ്ങനെ വിവരങ്ങൾ സ്വയംശേഖരിച്ച് ഡാമുകൾ എപ്പോൾ തുറക്കണമെന്ന് നിർദേശിക്കാൻ എ.ഐ സംവിധാനത്തിന് കഴിയും.ഷട്ടറുകൾ എത്രത്തോളം ഉയർത്തണമെന്ന് കണ്ടെത്തുന്ന എ.ഐ സംവിധാനങ്ങളുമുണ്ട്. ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പുകൾ കൈമാറാനാകും. ഭരണനേതൃത്വത്തിനും ഉന്നതഉദ്യോഗസ്ഥർക്കും അലർട്ട് നൽകും.
ഇതിനായി മുൻകാലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ഫ്ലഡ്-മാപ്പിംഗ് നടത്തി വിവരങ്ങൾ എ.ഐ സംവിധാനത്തിൽ കൂട്ടിച്ചേർക്കും.
ഡാമുകളിലെ സെൻസറുകളിൽ നിന്നുള്ള വിവരങ്ങളും ഉപഗ്രഹഡേറ്റയും കാലാവസ്ഥാ വിവരങ്ങളുമെല്ലാം അപഗ്രഥിച്ച് മഴയുണ്ടാവും മുൻപുതന്നെ ഡാമിലെ ജലനിരപ്പ് എത്രത്തോളം ഉയരാമെന്നും തുറന്നുവിട്ടാൽ എവിടെയെല്ലാം വെള്ളംകയറുമെന്നും കണക്കാക്കാനാവും. മഴവെള്ളത്തിന്റെ ഒഴുക്ക്, മണ്ണിലേക്കിറങ്ങുന്ന വെള്ളം, ഭൂഗർഭജലനിരപ്പ് എന്നിവയെല്ലാം കൃത്യമായിപഠിച്ച് അണക്കെട്ടുകൾ തുറക്കാനുള്ള സാഹചര്യം കണ്ടെത്തുന്ന എ.ഐ സംവിധാനങ്ങളുമുണ്ട്. ഡ്രോണുകളും ക്യാമറകളുമുപയോഗിച്ചും വിവരശേഖരണമുണ്ടാവും.
ഇന്ത്യയ്ക്ക് സ്വന്തമായി
ധർമ്മയും ഡാംചാറ്റും
1)രാജ്യത്തെ 5000 ഡാമുകളിൽ ഡാം ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ മോണിട്ടറിംഗ് ആപ്ലിക്കേഷൻ (ധർമ്മ) ജലകമ്മിഷൻ ഉപയോഗിക്കുന്നു.
2)റൂർക്കി ഐ.ഐ.ടി വികസിപ്പിച്ച ഡാം ചാറ്റ് സംവിധാനത്തിൽ ഡാം സുരക്ഷയ്ക്കുള്ള സാങ്കേതിക നിർദ്ദേശങ്ങൾ നൽകുന്നു.
3)കർണാടകയും മഹാരാഷ്ട്രയും കൃഷ്ണ, കാവേരി നദികളിലെ ഡാമുകളിൽ ഓട്ടോമേറ്റഡ് ഗേറ്റ് സംവിധാനവും എ.ഐ മുന്നറിയിപ്പ് സംവിധാനവും ഉപയോഗിക്കുന്നു.
ഓട്ടോമാറ്റിക്കായും
ഡാമുകൾ തുറക്കാം
# വിവരങ്ങൾ വിശകലനം ചെയ്തശേഷം ജനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകി സ്വയം അണക്കെട്ടുകൾ തുറക്കുന്ന എ.ഐ സംവിധാനങ്ങളുണ്ട്.
# ഡാമിന്റെയും ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും ഡിജിറ്റൽ മാപ്പുണ്ടാക്കി സെൻസറുകളുപയോഗിച്ച് വിവരശേഖരണത്തിലൂടെ ഡാം എപ്പോൾ തുറക്കണമെന്ന് കൊറിയയിൽ എ.ഐ നിർദ്ദേശിക്കുന്നുണ്ട്.
ഉപഗ്രഹ വിവരങ്ങളടക്കം ഉപയോഗിച്ചാണ് മെഷീൻലേണിംഗ് മോഡലുകളിലൂടെ ഡാമുകളിലേക്കുള്ള ജലമൊഴുക്കിന്റെ അളവ് ചൈനയിൽ കണ്ടെത്തുന്നത്.
എ.ഐയുടെ ഹൈഡ്രോളജിക്കൽ മോഡലുപയോഗിച്ചാണ് അമേരിക്കയിൽ ഡാം മാനേജ്മെന്റ് സംവിധാനം. ഡാമുകളുടെ ഭിത്തികൾക്കും ഷട്ടറുകൾക്കും പ്രശ്നമുണ്ടോയെന്നും കണ്ടെത്താനാവും.
''ലോകത്തെ എല്ലാ സാദ്ധ്യതകളും പരിശോധിച്ച് ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായ എ.ഐ അധിഷ്ഠിത ഡാംമാനേജ്മെന്റ് സംവിധാനമൊരുക്കും. മുന്നറിയിപ്പ് സംവിധാനം ശക്തമാക്കും. ''
-വി.ഡി സതീശൻ,
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |