SignIn
Kerala Kaumudi Online
Monday, 03 August 2026 2.14 AM IST

ഡിജിറ്റൽ റീസർവേക്ക് ഫണ്ടിന് വഴിയുണ്ട്, സർക്കാരിന് മനസില്ല

1

തിരുവനന്തപുരം: ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കേന്ദ്രത്തിൽ നിന്ന് 360 കോടിയോളം രൂപ കിട്ടുമെന്നുറപ്പുള്ളപ്പോഴാണ് ഫണ്ടില്ലെന്ന പേരിൽ ഡിജിറ്റൽ റീസർവേ പദ്ധതി സംസ്ഥാനത്ത് അവസാനിപ്പിക്കുന്നത്. നഗര,അർദ്ധനഗര പ്രദേശങ്ങളിലെ ഭൂമിയുടെ രേഖകൾ ഡിജിറ്റൽവത്കരിക്കാനും പരിഷ്കരിക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ 'നക്ഷ' (നാഷണൽ ജിയോ സ്പെഷ്യൽ നോളജ് ബെയ്സ്ഡ് ലാൻഡ് സർവേ ഒഫ് അർബൻ ഹാബിറ്റേഷൻസ്) പദ്ധതിയിലാണ് 360 കോടി അനുവദിക്കുന്നത്.

ഡിജിറ്റൽ റീസർവേ നടത്തിപ്പിന് ശമ്പളയിനത്തിൽ ഒരു മാസം വേണ്ടത് എട്ട് കോടിയാണ്. വാഹനങ്ങളുടെ വാടകയും പരിപാലനവും ഉൾപ്പെടെ ഒരു വർഷം വേണ്ടത് 100 കോടിയോളം. നിലവിലെ രീതിയിൽ മുന്നോട്ടുപോയിരുന്നെങ്കിൽ അടുത്ത നാലുവർഷംകൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കമായിരുന്നു. കേന്ദ്രത്തിൽ നിന്ന് തുടർന്നും സാമ്പത്തിക സഹായവും കിട്ടിയേനെ. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെയാണ് പദ്ധതി അവസാനിപ്പിക്കുന്നത്.

247 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി പതിമൂന്നാം നമ്പർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനത്തിലൂടെ സംസ്ഥാനത്ത് മറ്റ് വില്ലേജുകളിലെ ജനങ്ങൾക്ക് ഈ സൗകര്യം ഫലത്തിൽ നിഷേധിക്കുകയാണ്.

വഴിയാധാരമായി

താത്കാലികക്കാർ

1.എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച 2615 താത്കാലിക ജീവനക്കാരാണ് പൊടുന്നനെ പദ്ധതി നിറുത്തിയതോടെ വഴിയാധാരമായത്. ഇവർക്ക് നാല് മാസത്തെ ശമ്പള കുടിശികയുമുണ്ട്.

2.സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 228 വില്ലേജുകളിൽ മാത്രമാണ് ഡിജിറ്റൽ റീസർവേ തുടരാൻ നിലവിൽ അനുമതിയുള്ളത്. ഇതിനായി ഏറ്റവും കുറഞ്ഞ എണ്ണം കരാർ ഹെൽപ്പർമാരെ നിലനിറുത്താമെന്നാണ് സർവേ ഡയറക്ടറുടെ നിർദ്ദേശം.

3.ഇതുപ്രകാരം 462 പേർക്ക് ജോലിയിൽ തുടരാം. എന്നാൽ, ഈ വില്ലേജുകളിൽ കൂടി റിസർവേ പൂർത്തിയാകുന്നതോടെ പദ്ധതി പൂർണമായി നിലയ്ക്കുമെന്നാണ് ആശങ്ക. ആകെ 1,555 വില്ലേജുകളിലാണ് റീസർവേ നടത്തേണ്ടത്.

വൈരുദ്ധ്യം

വിശദീകരണത്തിലും

ഡിജിറ്റൽ റീസർവേ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായുള്ള താത്കാലിക ക്രമീകരണമാണ് ഇതെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം. ശമ്പള കുടിശിക എത്രയും വേഗം വിതരണം ചെയ്യുമെന്നും പറയുന്നു. എന്നാൽ ഭാവിയിൽ പദ്ധതിയുടെ ആവശ്യകതയും ഫണ്ടിന്റെ ലഭ്യതയുമനുസരിച്ച് തീരുമാനമെടുക്കുമെന്നും പറയുന്നു. ഇതിൽ വൈരുദ്ധ്യമുണ്ടെന്നും താത്കാലികമായി പദ്ധതി നിറുത്തിയെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA