SignIn
Kerala Kaumudi Online
Thursday, 10 September 2026 12.46 AM IST

സാമ്പാറിലെ ഈ വിഭവങ്ങളിലെല്ലാം ഉഗ്രവിഷ സാന്നിദ്ധ്യം കണ്ടെത്തി കാർഷിക സർവകലാശാല: ഓണത്തിന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

vegetables

തൃശൂർ: മലയാളി, ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോൾ, പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബർ-മാർച്ചിൽ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തൽ.

സാമ്പാറിൽ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക,​ ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70ശതമാനം സാമ്പിളിലും അനുവദനീയ പരിധിയിൽ കൂടുതൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

ഇതിൽ തക്കാളിയിൽ മെറ്റാലാക്‌സിൽ, കാരറ്റിൽ ക്‌ളോർപൈറിഫോസ്, മുരിങ്ങക്കയിൽ അസറ്റാമിപ്രിഡ്, പച്ചമുളകിൽ എത്തയോൺ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.

15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളിൽ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതൽ. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീൻസ്, ഉലുവയില, പാഴ്‌സലി, സാമ്പാർ മുളക്, കാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയിൽ 30-50 ശതമാനത്തിലും വിഷാംശമുണ്ട്. അതേസമയം കായ, നേന്ത്രപ്പഴം, സവാള, മത്തൻ, കുമ്പളം എന്നിവയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്താത്തതാണ് ആശ്വാസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 534 പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജന സാമ്പിളുകളിൽ 187ലും കീടനാശിനിയുണ്ട്. പൊതുവിപണി, ഇക്കോഷോപ്പ്, ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമേ കർഷകരിൽ നിന്ന് നേരിട്ടും സാമ്പിളെടുത്തിരുന്നു.

കീടനാശിനിയുള്ളവ (പൊതുവിപണി)

ചുവന്ന ചീര, കാപ്‌സിക്കം, ബജിമുളക്, ഉലുവ, പുതിന, ബീൻസ്, കത്തിരി, കോവയ്ക്ക, പാവയ്ക്ക, സലാഡ് വെള്ളരി, പയർ, മല്ലി, ജീരകം, ഇഞ്ചി, പെരുംജീരകപ്പൊടികൾ.

കണ്ടെത്താത്തവ

കാബേജ്, ചേമ്പ്, ചേന, ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക, പച്ചമാങ്ങ, മുസംബി, പപ്പായ, കൈതച്ചക്ക, മാതളം, തണ്ണിമത്തൻ (മഞ്ഞ), തക്കോലം, അയമോദകം, കുരുമുളക്, കറുവപ്പട്ട.

പച്ചക്കറിയിലെ വിഷാംശം

പൊതുവിപണിയിൽ 47.62 സാമ്പിളിൽ
കർഷകരിൽ നിന്ന് 18.18
ഇക്കോ ഷോപ്പ് 15.79
ജൈവമെന്ന പേരിലുള്ളവ 19.44

മുൻകരുതൽ

പച്ചക്കറി മുറിച്ച് പുളിവെള്ളത്തിൽ കഴുകുന്നത് വിനാഗിരി വെള്ളം, വെജിറ്റബിൾ വാഷ് എന്നിവയേക്കാൾ ഫലപ്രദമാണ്. പഴങ്ങൾ, ഫ്‌ളവർ, കാരറ്റ് പോലുള്ളവ മുറിക്കാതെ കഴുകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PESTICIDES, VEGETABLES, ONAM, CAUTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA