SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​ ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിൽ ആദ്യം

READ ENGLISH VERSION

isro-

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ. എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ. ഗതിനിർണയ, പ്രതിരോധ ആവശ്യത്തിനുള്ളവയാണ്.

പി.എസ്.എൽ.വി റോക്കറ്റിന്റെ തുടർച്ചയായ രണ്ട് പരാജയങ്ങളുടെ പേരിലെന്നാണ് വിശദീകരണം. എന്നാൽ, പ്രതിരോധാവശ്യത്തിനുള്ള അതിപ്രധാന ഉപഗ്രഹത്തിന്റെ വിക്ഷേപണം കഴിഞ്ഞ ജനുവരിയിൽ പരാജയപ്പെട്ടതിനുപിന്നിൽ കേന്ദ്രം അട്ടിമറി സംശയിക്കുന്നുണ്ട്. അന്വേഷണവും നടക്കുന്നു. ഇതാണ് അനുമതി നൽകാത്തതിന് കാരണമെന്നറിയുന്നു. പി.എസ്.എൽ.വിയെ ഒഴിവാക്കി ജി.എസ്.എൽ.വി റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. എന്നിട്ടും അനുമതി നൽകാത്തതിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷണറിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.

പി.എസ്.എൽ.വി പരാജയങ്ങൾ സാങ്കേതിക പിഴവെന്നായിരുന്നു ഐ.എസ്.ആർ.ഒയുടെ കണ്ടെത്തൽ. എന്നാൽ,​ പതിവിനു വിപരീതമായിരുന്നു കേന്ദ്രത്തിന്റെ നടപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വി.എസ്.എസ്.സിയിലുൾപ്പെടെ നേരിട്ടെത്തി വിവരങ്ങൾ തേടി. പിന്നാലെ, കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

ജൂൺ, ജൂലായ് മാസങ്ങളിലായി വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ ആദ്യം തീരുമാനിച്ചത്. പിന്നീട് അറിയിപ്പൊന്നും വന്നില്ല. അനുമതി നൽകാത്തതാണെന്ന വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. വൈകാതെ അനുമതി നൽകിയാലും പുതിയ വിക്ഷേപണ വിൻഡോ നേടുന്നതിന് കാലതാമസമുണ്ടാകും.

കഴിഞ്ഞവർഷം മേയ് 18നും ഈവർഷം ജനുവരി 12നുമാണ് ദൗത്യങ്ങൾ പരാജയപ്പെട്ടത്. പി.എസ്.എൽ.വി പരാജയത്തിന്റെ പേരിൽ ജി.എസ്.എൽ.വിക്ക് അനുമതി നൽകാത്തത് നീതിയല്ലെന്നാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ നിലപാട്.

എൻ.വി.എസ് - 03

 തദ്ദേശീയ ഗതിനിർണയ സംവിധാനമായ നാവിക്കിനുള്ളതാണ് എൻ.വി.എസ് - 03. ഇതിനുള്ള ആകെ ഏഴ് ഉപഗ്രഹങ്ങളിൽ നിലവിൽ മൂന്നെണ്ണമാണ് പ്രവർത്തിക്കുന്നത്

 അറ്റോമിക് ക്ളോക്കിന്റെ സാങ്കേതിക പ്രശ്നം മൂലമാണ് നാലെണ്ണം പ്രവർത്തനരഹിതമായത്. അത് പരിഹരിച്ചുകൊണ്ട് തയ്യാറാക്കിയ രണ്ടാം തലമുറ ഉപഗ്രഹമാണ് എൻ.വി.എസ്- 03

 വിക്ഷേപണത്തിന് പി.എസ്.എൽ.വിയെ ഒഴിവാക്കി ജി.എസ്.എൽ.വി മാർക്ക് 2 റോക്കറ്റാണ് ഒരുക്കിയത്. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണനിലയിൽ ഒരുക്കി നിറുത്തിയിരിക്കുകയാണ്

ഇ.ഒ.എസ്- 05

 ജിസാറ്റ് 1എ പ്രതിരോധ നിരീക്ഷണ ഉപഗ്രഹമാണ്. 2021ൽ പരാജയപ്പെട്ട ജിസാറ്റ് -1ന് പകരമായുണ്ടാക്കിയ ജിസാറ്റ് -1എയാണ് ജനുവരിയിൽ വിക്ഷേപിച്ചപ്പോൾ പരാജയപ്പെട്ടത്

 ഡി.ആർ.ഡി.ഒ ആയിരുന്നു നിർമ്മാതാക്കൾ. തുടർന്നാണ് കൂടുതൽ സാങ്കേതിക തികവോടെ ഇ.ഒ.എസ്- 05 എന്ന് പേരുമാറ്റി വീണ്ടും തയ്യാറാക്കിയത്

 സൂക്ഷ്മമായ ഭൂനിരീക്ഷണം, ദുരന്തനിവാരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടും. ജി.എസ്.എൽ.വി.- മാർക്ക് 3റോക്കറ്റിലാണ് വിക്ഷേപിക്കാനിരിക്കുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA