തൊടുപുഴ: മലയാളിയുടെ ദുഃസ്വപ്നമായ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ആറാണ്ട്. പക്ഷേ അതിജീവനത്തിന്റെ കഥയും പെട്ടിമുടിക്കിപ്പോൾ പറയാനുണ്ട്. ദുരന്തത്തിൽ മരിച്ച ഗണേശന്റെയും തങ്കത്തിന്റെയും മക്കളായ ഗോപികയുടെയും (22) ഹേമലതയുടെയും (24) ജീവിതം. ഗോപിക പാലക്കാട് മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ഹേമലത കുസാറ്റിൽ എൻവയൺമെന്റ് സയൻസിൽ പി.ജി കഴിഞ്ഞു.
ഇരവികുളം ദേശീയോദ്യാനത്തിൽ ഡ്രൈവറായിരുന്നു ഗണേശൻ. തങ്കം അങ്കണവാടി അദ്ധ്യാപികയും. ദുരന്തമുണ്ടാകുമ്പോൾ ഗോപികയും ഹേമലതയും തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇരുവരും പെട്ടിമുടിയിലേക്കെത്തുമ്പോൾ ഓടിക്കളിച്ച് വളർന്നയിടത്ത് പാറക്കൂട്ടങ്ങളും മണ്ണും മാത്രം.
കൊളുന്ത് ശേഖരിക്കുന്ന ട്രാക്‌ടറുകളിലെ മൃതദേഹങ്ങൾ കണ്ട് വിറങ്ങലിച്ചു. തുടർന്ന് ഇരുവരെയും ആരൊക്കെയോ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്നു ദിവസം മണ്ണിനടയിൽക്കിടന്ന അച്ഛന്റെ മൃതദേഹം തിരിച്ചറിഞ്ഞു. സ്വർണ നിറത്തിൽ പേരെഴുതിയ വിരലിലെ ചിരട്ട മോതിരം കണ്ടാണ് അമ്മയെ തിരിച്ചറിഞ്ഞത്. കുടുംബത്തിലെ 24 പേർ ദുരന്തത്തിൽ മരിച്ചു.
അച്ഛൻ ആഗ്രഹിച്ചതു പോലെ പത്താംക്ലാസിൽ ഫുൾ എ പ്ലസ് നേടാൻ ഗോപികയ്‌ക്കായില്ല. അത് അച്ഛന് സങ്കടമായി. പ്ലസ്ടുവിന് ഫുൾ എ പ്ലസ് വാങ്ങുമെന്നും ഡോക്ടറാകുമെന്നും അച്ഛന് വാക്കുകൊടുത്തു. അതാണ് യാഥാർത്ഥ്യമാകുന്നത്. കനത്ത മഴയിൽ യാത്രാ നിരോധനമുള്ളതിനാൽ ഗോപികയും ഹേമലതയും ഇന്ന് പെട്ടിമുടിയിലെത്തില്ല. 2020 ആഗസ്റ്റ് ആറിന് അർദ്ധരാത്രിയാണ് പെട്ടിമുടിയിൽ ഉരുൾ പൊട്ടിയത്. 70 പേർ മരിച്ചു. നാല് മൃതദേഹങ്ങൾ കണ്ടെത്താനായില്ല.
കേന്ദ്ര സഹായം കിട്ടിയില്ല
ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ഇതുവരെ കിട്ടിയില്ല. സംസ്ഥാന സർക്കാരിന്റെ അഞ്ച് ലക്ഷവും തമിഴ്നാട് സർക്കാരിന്റെ മൂന്ന് ലക്ഷവും കിട്ടി. ടാറ്റാ കമ്പനിയും നഷ്ടപരിഹാരം നൽകി. ഇതും സർക്കാർ ഗ്രാന്റും ഉപയോഗിച്ചാണ് ഗോപികയും ഹേമലതയും പഠിക്കുന്നത്.
ഉറ്റവർ നഷ്‌ടപ്പെട്ട എട്ടു പേർക്ക് കുറ്റിയാർവാലിയിൽ കണ്ണൻദേവൻ കമ്പനി വീടു നിർമ്മിച്ചു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |