SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.30 AM IST

ഇത്തവണ ഓണത്തിന് മുമ്പേ 'മഹാബലി' എത്തി; അപൂർവ തവളയെ കണ്ടെത്തിയത് മൂന്നാറിൽ

READ ENGLISH VERSION
frog

മൂന്നാർ: 365 ദിവസത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തുവരുന്ന പാതാള തവളയെന്ന മഹാബലി തവളയെ മൂന്നാർ മാങ്കുളം ആനക്കുളത്ത് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പാതാള തവളകൾ പശ്ചിമഘട്ടത്തിലെ ചൂടുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്.

നാസികബട്രാക്കസ് സഹ്യാദ്രൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. വർഷത്തിലൊരിക്കൽ മാത്രം പുറത്തുവരുന്നതുകൊണ്ടാണ് ഇവയെ മഹാബലി തവള എന്ന പേരിലും അറിയപ്പെടുന്നത്. 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇവ മുട്ടയിടുന്നതിനായാണ് വർഷത്തിൽ ഒരു ദിവസം മാത്രം പുറത്തുവരുന്നത്. പുഴകൾ, അരുവികൾ എന്നിവയ്ക്ക് സമീപമുള്ള ഇളകിയ മണ്ണിനടിയിൽ ജീവിക്കുന്ന ഇവയുടെ ആഹാരം മണ്ണിരയും ചിതലുകളും ഉറുമ്പുകളും ചെറിയ പ്രാണികളുമാണ്. വനംവകുപ്പിന്റെയും മറ്റും ശുപാർശ പ്രകാരം പാതാള തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.

ചെറിയ കൈകാലുകളുള്ള ഈ തവളയ്ക്ക് ഇരുണ്ട നിറമാണ്. ഏകദേശം ഏഴ് സെന്റീമീറ്റർ നീളമുള്ള ഇവയുടെ ശരീരം ഊതിവീർപ്പിച്ചപോലെയാണ്. മൂക്ക് കൂർത്തിരിക്കുന്നത് കൊണ്ട് പന്നിമൂക്കൻ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. കട്ടിയുള്ള പേശിയോട് കൂടിയ നീളം കുറഞ്ഞ കാലുകളും കൈകളും മണ്ണ് കുഴിക്കാൻ തവളയെ സഹായിക്കുന്നു. ചെറിയ പിൻകാലുകളായതിനാൽ മറ്റ് തവളകളെ പോലെ ഇതിന് മറ്റൊരു സ്ഥലത്തേയ്ക്ക് കുതിക്കാൻ സാധിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FROG, MAHABALI FROG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA