SignIn
Kerala Kaumudi Online
Monday, 22 June 2026 3.36 AM IST

അട്ടപ്പാടിയിലെ മധുരക്കിഴങ്ങുകൾ അന്താരാഷ്ട്ര വിപണിയിലേക്ക്,​ നേട്ടം കൊയ്ത് ആദിവാസി വനിതകൾ

sweet-potato

കൊച്ചി: അട്ടപ്പാടിയുടെ മണ്ണിൽ വിളഞ്ഞ മധുരക്കിഴങ്ങുകൾ അന്താരാഷ്ട്ര വിപണിയിലേക്ക്. തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആ‌ർ.ഐ) വികസിപ്പിച്ച 12 നൂതനസാങ്കേതികവിദ്യകളുടെ പിൻബലത്തിലാണ് ഈ നേട്ടം. അന്താരാഷ്ട്ര നിലവാരമുള്ള ചിപ്സ്, കുട്ടികൾക്കായുള്ള ഗമ്മി ബിയേഴ്സ്, കുൽഫി തുടങ്ങിയ മൂല്യവർദ്ധിത വിഭവങ്ങളായാണ് വിപണിയിലെത്തുക.

പോഷകസമ്പുഷ്ടമായ ഹെൽത്ത് മിക്സ്, ഹെൽത്തി സൂപ്പ്, വിപണിയിൽ ഏറെ ഡിമാൻഡുള്ള വിവിധതരം മാവുകൾ എന്നിവയും തദ്ദേശീയമായി ഉത്പ്പാദിപ്പിക്കുന്നു.

അട്ടപ്പാടിയിലെ ആദിവാസി വനിതകളാണ് ഈ സംരംഭത്തിന് പിന്നിൽ. കുടുംബശ്രീയുടെ പ്രീമിയം ബ്രാൻഡായ 'കെ-ഇനം' വഴിയാണ് ഈ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക. അട്ടപ്പാടിയിലെ ആദിവാസി സമൂഹങ്ങളുടെ പോഷകസുരക്ഷയും ഉപജീവനമാർഗവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കിഴങ്ങു ഗവേഷണ കേന്ദ്രവും കുടുംബശ്രീയും സംയുക്തമായി ആരംഭിച്ച ‘പുനർജീവനം’ പദ്ധതിയുടെ ഭാഗമായാണ് 'പുനർജീവന മധുരം' എന്ന പേരിലുള്ള ഈ മൂല്യവർദ്ധിത സംരംഭം രൂപകല്പന ചെയ്തിരിക്കുന്നത്.

 നൂറിലധികം ഏക്കറിലേക്ക് കൃഷി വ്യാപിച്ചു

അട്ടപ്പാടി ജനതയുടെ പരമ്പരാഗത കൃഷിരീതികളും ഉപജീവനവും വീണ്ടെടുക്കാൻ 2024ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. നിലവിൽ നൂറിലധികം ഏക്കർ സ്ഥലത്തേക്ക് കൃഷി വ്യാപിച്ചു. വിറ്റാമിൻ എ സമ്പുഷ്ടമായ ഓറഞ്ച്-ഫ്ലെഷ്ഡ് മധുരക്കിഴങ്ങും ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞ പർപ്പിൾ മധുരക്കിഴങ്ങുമാണ് അട്ടപ്പാടിയുടെ മലനിരകളിൽ സമൃദ്ധമായി വിളയുന്നത്. ഉത്പന്നങ്ങളെ അന്താരാഷ്ട്ര വിപണിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.

 മാതൃകയായി വനിതകളുടെ മുന്നേറ്റം

അട്ടപ്പാടിയിലെ 80-ഓളം ആദിവാസി വനിതാ കർഷകർക്കാണ് പദ്ധതിയിലൂടെ സ്ഥിരവരുമാനവും സ്വയംതൊഴിൽ അവസരവും ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ, തങ്ങൾ ഉത്പ്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണിയും വിലയും നേരിട്ട് ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

'പുനർജീവനം’ എന്നത് കേവലമൊരു കാർഷിക വികസന പദ്ധതി മാത്രമല്ല ശാസ്ത്രം, പോഷകസുരക്ഷ, സ്ത്രീശാക്തീകരണം, ഉപജീവനമാർഗ വികസനം എന്നിവയെ ഒന്നിപ്പിക്കുന്ന ഒരു സമഗ്ര മാതൃകയാണ്. ഈ മാതൃക രാജ്യത്തെ മറ്റ് ആദിവാസി മേഖലകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ഡോ. ജി. ബൈജു

ഡയറക്ടർ

കിഴങ്ങ് ഗവേഷണ കേന്ദ്രം ശ്രീകാര്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTAPPADI, CTCTRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA