
തിരുവനന്തപുരം: പതിനാല് വര്‍ഷമായി തലസ്ഥാനം കാത്തിരിക്കുന്ന മെട്രോ ട്രാക്കിലാവുമെന്ന് ബഡ്ജറ്റിലെ പ്രഖ്യാപനത്തോടെ ഉറപ്പായി.അടിസ്ഥാന സൗകര്യ വികസനത്തില്‍ തലസ്ഥാനത്തെ മുന്‍പന്തിയിലെത്തിക്കുന്ന മെട്രോ നടപ്പാക്കുമെന്നാണ് 20 കോടി വകയിരുത്തിയുള്ള ബഡ്ജറ്റിലെ പ്രഖ്യാപനം.തമ്പാനൂര്‍,മെഡിക്കല്‍കോളേജ്, ടെക്‌നോപാര്‍ക്ക്,വിമാനത്താവളം,റെയില്‍വേസ്റ്റേഷനുകള്‍ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് മെട്രോ വരുന്നതോടെ തലസ്ഥാനത്തെ പൊതുഗതാഗതത്തിന്റെ മുഖച്ഛായ മാറും.നിലവില്‍ 31കിലോമീറ്ററിലാണ് പാതയെങ്കിലും ഭാവിയില്‍ ആറ്റിങ്ങലിലേയ്ക്കും നെയ്യാറ്റിന്‍കരയിലേക്യ്ക്കും നീട്ടാനാവും.
ഡല്‍ഹിമെട്രോ തയ്യാറാക്കുന്ന പദ്ധതിരേഖ സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്രാനുമതിക്ക് അയയ്ക്കും. സ്വകാര്യപങ്കാളിത്തം നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസരിച്ചാവും പദ്ധതിരേഖയുണ്ടാക്കുക.ഭൂമിയേറ്റെടുക്കല്‍ കുറയ്ക്കാന്‍ തൂണുകള്‍ക്ക് മുകളിലുള്ള എലിവേറ്റഡ് പാതയാണ് പരിഗണനയില്‍.ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളിലായിരിക്കും മെട്രോയ്ക്കുള്ള ട്രാക്ക് സ്ഥാപിക്കുകയെന്നറിയുന്നു.ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകളെ ബന്ധിപ്പിക്കുന്നതോടെ 31,000ടെക്കികള്‍ക്ക് യാത്രാസൗകര്യമാവും.
ഇതോടെ റോഡിലെ തിരക്കില്‍പ്പെടാതെ അതിവേഗയാത്രയ്ക്ക് സൗകര്യമാവും.വിമാനത്താവളത്തില്‍നിന്ന് റെയില്‍വേ,ബസ് സ്റ്റേഷനുകളിലേയ്ക്ക് കണക്ടിവിറ്റിയുണ്ടാവും.സമീപ ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് കഴക്കൂട്ടത്തും പാപ്പനംകോട്ടും ഇറങ്ങി നഗരത്തിലെത്താം.മെഡിക്കല്‍ കോളേജിലേക്കെത്തുന്ന ആയിരങ്ങള്‍ക്കും ഗുണകരമാവും. കെ.എസ്.ആര്‍.ടി.സി,റെയില്‍വേയടക്കം പൊതുഗതാഗത സംവിധാനങ്ങള്‍ മെട്രോയ്‌ക്കൊപ്പം ചേര്‍ക്കാന്‍ മൊബിലിറ്റി ഹബുകളുമുണ്ടാവും.എല്ലാ സ്റ്റേഷനുകളിലും പാര്‍ക്കിംഗും ഫീഡര്‍സര്‍വീസുമുണ്ടാവും.ലാഭകരവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായിരിക്കും മെട്രോ. ലുലുമാളിലേക്കടക്കം കണക്ഷനുമുണ്ടാവും.
പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടി
കൊച്ചിക്ക് മെട്രോ നല്‍കിയതിനു പിന്നാലെ വികസന സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പദ്ധതിയാണിത്.നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഡി.എം.ആര്‍.സിയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.ഡി.പി.ആറിന് 11കോടി ചെലവിട്ടതാണ്. 2014ലെ ഡി.പി.ആര്‍ 2017ല്‍ വീണ്ടും പുതുക്കി.2021ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചു.അലൈന്‍മെന്റ് മാറ്റാന്‍ വീണ്ടും പഠനംനടത്തി. 2025നവംബറില്‍ അലൈന്‍മെന്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുവരെ കേന്ദ്രാനുമതി തേടാനായിട്ടില്ല.
മീഡിയം മെട്രോയ്ക്ക് സാദ്ധ്യത
ലൈറ്റ് മെട്രോയെന്നാണ് ബഡ്ജറ്റിലെ പരാമര്‍ശമെങ്കിലും കൊച്ചിയിലേതുപ്പോലെ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തും ഡി.എം.ആര്‍.സി ശുപാര്‍ശ ചെയ്തിട്ടുള്ളത്. തൂണുകളിലൂടെ കാന്തശക്തിയിലോടുന്ന മോണോ റെയിലായിരുന്നു ആദ്യം പരിഗണിച്ചത്.പിന്നീട് ലൈറ്റ് മെട്രോയായി.തലസ്ഥാനത്തിന്റെ ഭാവി വളര്‍ച്ചകൂടി കണക്കിലെടുത്തുള്ളതാണ് മീഡിയം മെട്രോ. 50 നഗരങ്ങളില്‍ പുതുതായി മെട്രോ ട്രെയിനുകള്‍ ഓടിക്കുകയാണ് വികസനസ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തിരുവനന്തപുരത്ത് അനുമതി ലഭിക്കുമെന്നുറപ്പാണ്.
31കിലോമീറ്റര്‍ 27 സ്റ്റേഷനുകള്‍
പാപ്പനംകോട് നിന്നാരംഭിച്ച് കിള്ളിപ്പാലം,പാളയം,ശ്രീകാര്യം,കഴക്കൂട്ടം,ടെക്‌നോപാര്‍ക്ക്, കൊച്ചുവേളി,വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്നതാണ് പരിഗണനയിലുള്ള മെട്രോപാത.
മെട്രോയുടെ നിര്‍മ്മാണചെലവ് - 10000കോടി
ഒരുകിലോമീറ്റര്‍ നിര്‍മ്മിക്കാന്‍ - 320കോടി
കേന്ദ്ര-സംസ്ഥാന വിഹിതം - 40%
വായ്പയിലൂടെ കണ്ടെത്തുന്നത് - 60%
ലൈറ്റ് മെട്രോയും മീഡിയം മെട്രോയും
മീഡിയം മെട്രോയുടെ കോച്ചിന്റെ നീളം മുപ്പത് മീറ്ററാണെങ്കില്‍ ലൈറ്റില്‍ 25മീറ്ററാവും.വീതി 3.5ല്‍നിന്ന് 2.5 ആവും. ആക്‌സില്‍ലോഡ് 16 ടണ്ണില്‍ നിന്ന് 11ടണ്ണായി കുറയും.പ്ലാറ്റ്‌ഫോമുകളുടെയും നീളം കുറയും.നിര്‍മ്മാണച്ചെലവ് മൂന്നിലൊന്നായി കുറയ്ക്കാനാവും.ഭാരംകുറവുള്ള,ചെറിയ കോച്ചുകളായതിനാല്‍ വിലകുറയും.ഭൂമിയേറ്റെടുപ്പ് കുറച്ചുമതി.ലൈറ്റില്‍ ആദ്യം മൂന്ന് കോച്ചുകളാവും.പീന്നീടിത് ആറാക്കാം.രണ്ടിലും സാങ്കേതികവിദ്യ,അറ്റകുറ്റപ്പണി, പ്രവര്‍ത്തന ചെലവുകള്‍,ഇരട്ടട്രാക്ക് എന്നിവയെല്ലാം ഒരുപോലെയാണ്.ലൈറ്റില്‍ മണിക്കൂറില്‍ 15000യാത്രക്കാരെ വഹിക്കാമെങ്കില്‍ മീഡിയത്തില്‍ 40000ആവും.ലൈറ്റിന്റെ പരമാവധി വേഗം 60കി.മിയും മീഡിയത്തിന്റേത് 100കി.മിയുമാണ്.ലൈറ്റിന്റെ ട്രാക്കിലൂടെ പിന്നീട് മീഡിയംമെട്രോ ഓടിക്കാനാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |