ആലപ്പുഴ: ചകിരി ക്ഷാമം പരിഹരിച്ച് കയറുൽപ്പാദനം വർദ്ധിപ്പിക്കാൻ, തൊണ്ട് സംഭരിക്കാനുള്ള നീക്കം കയർ വ്യവസായത്തിനൊപ്പം നാളികേര കർഷകർക്കും ഗുണമാകും. ഹരിത കർമ്മസേനയുടെ സഹകരണത്തോടെ വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കുമെന്ന് കയർ മന്ത്രി രമേശ് ചെന്നിത്തല ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനമാണ് തെങ്ങുകർഷകർക്കും പ്രതീക്ഷ പകരുന്നത്. ഇതോടെ, വീടുകളിൽ നിന്ന് വലിച്ചെറിഞ്ഞിരുന്ന തൊണ്ടും ഇനി ചിരട്ടയ്ക്കൊപ്പം കർഷകർക്ക് അധിക വരുമാനമാകും. കരി നിർമ്മാണത്തിനും വിദേശരാജ്യങ്ങളിൽ കൃഷികൾക്ക് പുതയിടാനും മറ്റും ചിരട്ട കടൽ താണ്ടിയതോടെ ചിരട്ടയ്ക്ക് കിലോയ്ക്ക് 25 രൂപയ്ക്ക് മീതെയാണ് വില.തൊണ്ടൊന്നിന് രണ്ട് രൂപയെങ്കിലും മിനിമം വില ലഭിച്ചാൽ നാളികേരത്തിനൊപ്പം കർഷകന് ഒരു തുണയാകും.
വേണ്ടത് 12 ലക്ഷം ക്വിന്റൽ ചകിരി
# സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 12 ലക്ഷം ക്വിന്റൽ ചകിരി വേണം. വാർഷിക ഉത്പാദനം 3 ലക്ഷം ക്വിന്റലിൽ താഴെയാണ്. ഈ സാഹചര്യത്തിലാണ് തമിഴ്നാട് ഉൾപ്പെടെയുളള അയൽ സംസ്ഥാനങ്ങളെ കേരളത്തിന് ആശ്രയിക്കേണ്ടിവരുന്നത്
# പ്ളാസ്റ്റിക്ക് സംഭരണത്തിനായി ഹരിത കർമ്മസേനാംഗങ്ങൾ വീടുകൾ സന്ദർശിക്കുമ്പോൾ തൊണ്ടുകൂടി ശേഖരിക്കാമെന്ന ആശയമാണ് മന്ത്രി പങ്കുവച്ചത്.ഇതിനായി നിശ്ചിത തുക പ്രത്യേകമായി നൽകിയാൽ ഹരിത കർമ്മസേനയുടെ വരുമാനവും വർദ്ധിക്കും
# വീടുകൾക്ക് പുറമേ, ചെറുകിട നാളികേര വ്യാപാരികളിൽ നിന്നുൾപ്പെടെ തൊണ്ട് ശേഖരിച്ച് ഡീ ഫൈബറിംഗ് യൂണിറ്റുകൾ വഴി ചകിരി നാര് സംസ്കരിച്ചാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ചകിരി വാങ്ങുന്നത് കുറയ്ക്കാനാകും
# നിലവിൽ നാട്ടിൻപുറങ്ങളിൽ തേങ്ങയൊന്നിന് 20-22 രൂപയാണ് ചില്ലറ വിൽപ്പന വില. ഇതിന്റെയൊപ്പം തൊണ്ടിന്റെയും ചിരട്ടയുടെയും വില കൂടിയാകുമ്പോൾ മൂന്നുരൂപയെങ്കിലും അധികമായി ലഭിക്കും
ചകിരി ഉൽപ്പാദനം
സഹകരണ, സ്വകാര്യ യൂണിറ്റുകൾ................157
പ്രവർത്തിക്കുന്നത്.................................................24
നവീകരണത്തിലുള്ളത്..........................................23
പ്രവർത്തന രഹിതമായത്..................................110
കയർ മേഖല
കയർപിരി സംഘങ്ങൾ.................................423
മാറ്റ്സ് - മാറ്റിംഗ്സ് സംഘങ്ങൾ................ 33
ചെറുകിട സംഘങ്ങൾ.....................................49
തൊഴിലാളികൾ.........................................40,000
കയർ വ്യവസായത്തിന്റെ നിലനിൽപ്പിന് ചകിരി ഉൽപ്പാദനം കൂട്ടുകയാണ് പോംവഴി. ഇതിനായിതൊണ്ടുസംഭരിക്കാനുള്ള മന്ത്രിയുടെ നീക്കം സ്വാഗതാർഹമാണ്. തൊണ്ടിന് അധിക വില ലഭിക്കുന്നത് നാളീകേരകർഷകർക്കും ഗുണകരമാകും
- കെ.ആർ രാജേന്ദ്രപ്രസാദ്, പ്രസിഡന്റ്, കേരള കയർ ഗുഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |