SignIn
Kerala Kaumudi Online
Friday, 16 October 2026 11.24 AM IST

വിമാനത്താവള വികസനം: ശംഖുംമുഖത്തേക്ക് പുതിയ റോഡ്

READ ENGLISH VERSION
road

തിരുവനന്തപുരം: ചാക്ക ഫയർ സ്റ്റേഷൻ, ബ്രഹ്മോസിന്റെ മുൻഭാഗം, ശംഖുംമുഖത്തേക്ക് പോകുന്ന പ്രധാന റോഡ് ഉൾപ്പെടെ 18 ഏക്കർ സ്ഥലം ഏറ്റെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നു. ഇതോടെ നിലവിലെ ചാക്ക- ഓൾസെയിന്റ്സ് കോളേജ് റോഡ് വിമാനത്താവള വികസനത്തിന് ഉപയോഗിക്കും. പകരം ശംഖുംമുഖത്തേക്ക് പോകാൻ ഇവിടെ പുതിയ റോഡ് നിർമ്മിക്കും.

ചാക്ക ഐ.ടി.ഐ ജംഗ്ഷനിൽ നിന്ന് റെയിൽവേ ട്രാക്കിന് സമാന്തരമായി ഓൾസെയിന്റ്സ് കോളേജ് ജംഗ്ഷനിലെത്തുന്ന രീതിയിൽ പുതിയ റോഡ് നിർമ്മിക്കാനാണ് പ്രാഥമിക ചർച്ച. അവിടെ നിലവിലെ റോഡിൽ കൂടിച്ചേർന്ന് ശംഖുംമുഖത്തേക്കും വേളിയിലേക്കും പോകാം. ബ്രഹ്മോസിൽ നിന്ന് ഏറ്റെടുക്കുന്ന ഒന്നരയേക്കറിലാകും റോഡ് നിർമ്മിക്കുക.

വലിയ വിമാനങ്ങൾ ലാൻഡ് ചെയ്യാനുള്ള അനുമതി നഷ്ടപ്പെടുമെന്ന ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) മുന്നറിയിപ്പിനെ തുടർന്നാണ് വിമാനത്താവള റൺവേ അടക്കം വികസിപ്പിക്കുന്നത്. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. റവന്യു വകുപ്പ് നടപടി തുടങ്ങി.

എയർപോർട്ട് അതോറിട്ടിക്ക് കൈമാറുന്ന ഭൂമിയിൽ വികസനം നടത്തുന്നത് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പായിരിക്കും. ഭൂമിയുടെ വില അദാനി ഗ്രൂപ്പ് നൽകും. ഡി.ജി.സി.എയുടെ റൺവേ വികസന നിർദ്ദേശം പാലിച്ചില്ലെങ്കിൽ വലിയ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് അനുമതി നിഷേധിക്കുമെന്നതുകൊണ്ടാണ് വേഗത്തിലുള്ള നടപടി.

150 മീറ്ററിൽ സുരക്ഷ സോൺ

റൺവേയുടെ ഇരുവശത്തെയും സുരക്ഷ സോൺ 150 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്നാണ് ഡി.ജി.സി.എ നിർദ്ദേശം. ശംഖുംമുഖം ഭാഗത്ത് 150 മീറ്റർ വീതിയുണ്ട്. ചാക്ക ഭാഗത്ത് ഇല്ലാത്തതിനാലാണ് ഭൂമി ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്നത്

18 ഏക്കർ സ്ഥലം

1.ചാക്ക ഫയർസ്റ്റേഷന്റെ 10.5 ഏക്കർ, ബ്രഹ്മോസിന്റെ മുൻവശത്തെ റോഡിന് ചേർന്നുള്ള 1.5 ഏക്കറും നിലവിലെ റോഡും ഉൾപ്പടെ 18 ഏക്കറാണ് ഏറ്റെടുക്കുന്നത്

2.വിമാനത്താവളത്തിന് സമീപം ചാക്ക ഫയർ സ്റ്റേഷന് സ്ഥലം കണ്ടെത്തി. എയർപോർട്ടിനടുത്തുതന്നെ ഫയർ സ്റ്റേഷൻ വേണമെന്നതു കൊണ്ടാണിത്

3.ബ്രഹ്മോസ് മാറ്റുന്നില്ല. ഏറ്റെടുക്കുന്നതിനു പകരം സ്ഥലം നൽകണമെന്ന് ബ്രഹ്മോസ് ആവശ്യപ്പെട്ടിട്ടുണ്ട്

''സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ ഒരു യോഗം കഴിഞ്ഞു. അടിയന്തരമായി ഒരു യോഗം കൂടി ചേരും.

-കെ.ബിജു, സംസ്ഥാന

ഏവിയേഷൻ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA