SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.55 PM IST

40 ലിസ്റ്റുകളിൽ പേരുണ്ടായിട്ടും സർക്കാർ ജോലി കിട്ടിയില്ല; ഒടുവിൽ ബിസിനസിലേക്കിറങ്ങി മാതൃകയായി അനു

anu

ഇപ്പോഴത്തെ കാലത്ത് സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ പിന്നാലെ പോകാത്തവർ വളരെ ചുരുക്കമാണ്. യൂട്യൂബ് നോക്കിയെങ്കിലും പരീക്ഷണങ്ങൾ നടത്താത്തവർ വിരളമാണ്. സ്വയം ഇഷ്‌ടത്തോടെ ചെയ്യുന്നതിനേക്കാളുപരി സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള നിർബന്ധങ്ങളാൽ സൗന്ദര്യം തേടിപ്പോകുന്നവരാണ് ഏറെയും. ഇതിന് കാരണം നിറത്തിന്റെയും സൗന്ദര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള വേർതിരിവാണ്.

എന്നാൽ, സൗന്ദര്യം എന്നത് സമൂഹത്തിന്റെ ഈ ദുഷ്‌ചിന്തകളല്ല എന്ന ബോദ്ധ്യം ആളുകളിലേക്കെത്തിക്കുന്ന ഒരു ഹെർബൽ ബ്യൂട്ടി ബ്രാൻഡുണ്ട്. അതാണ് 'അനൂസ് ഹെർബ്‌സ്'. ആലപ്പുഴ സ്വദേശിനി അനു കണ്ണനുണ്ണിയാണ് ഈ ബ്രാൻഡിന്റെ ഉടമ. ഇന്ന് വിദേശത്ത് നിന്ന് പോലും ആളുകൾ അനൂസ് ഹെർബ്‌സിന്റെ പ്രോ‌ഡക്‌ടുകൾ തേടിയെത്തുന്നുണ്ട്.

മോഹിച്ചത് സർക്കാ‌ർ ഉദ്യോഗസ്ഥയാകാൻ

ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ബിഎസ്‌സി സുവോളജി പഠനം പൂർത്തിയാക്കിയ അനു പിന്നീട് കോസ്‌മറ്റോളജിയിൽ ഡിപ്ലോമ, കോസ്‌മറ്റിക് ഫോർമുലേഷനിൽ പിജി ഡിപ്ലോമ കോഴ്‌സുകളും പൂർത്തിയാക്കി. ശേഷം, സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ പിഎസ്‌സി പരീക്ഷകൾക്കായി കഠിനമായി പ്രയത്‌നിച്ചു. 50ഓളം പരീക്ഷകളെഴുതി, 40ലധികം ലിസ്റ്റുകളിൽ പേരുണ്ടായിരുന്നു. അവസാനം എഴുതിയ പരീക്ഷയിലും ലിസ്റ്റിലുണ്ടായിരുന്നുവെങ്കിലും ജോലി ലഭിച്ചില്ല. ഡിപ്രഷനിലേക്ക് പോലും നയിച്ചൊരു അവസ്ഥയായിരുന്നു അനുവിനത്.

anu

പിന്നീട് ആകാശവാണിയിൽ ജോലിചെയ്യുന്നതിനിടെയാണ് ഭർത്താവ് കണ്ണനുണ്ണിയെ പരിചയപ്പെടുന്നത്. സൗഹൃദം 31-ാം വയസിൽ വിവാഹത്തിലെത്തി. ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും ഉൾപ്പെടെ എല്ലാ കാര്യത്തിനും പുരുഷനുള്ള അതേ അവകാശം സ്‌ത്രീക്കുമുണ്ടെന്ന് വിശ്വസിച്ചിരുന്ന കണ്ണനുണ്ണി തന്നെയാണ് അനുവിന് വിജയിക്കാൻ വേണ്ട എല്ലാ പിന്തുണയും നൽകുന്നത്. 32-ാം വയസിൽ മകൻ അപ്പുണ്ണി ജനിച്ചു. പിന്നീടാണ് കോസ്‌മറ്റോളജിയുമായി ബന്ധപ്പെട്ട മേഖലയിലേക്ക് ഇറങ്ങാമെന്ന് ചിന്തിച്ചത്. അങ്ങനെയാണ് അനൂസ് ഹെർബ്‌സ് എന്ന ആശയം ആദ്യമായി അനുവിന്റെ മനസിലേക്കെത്തുന്നത്.

പ്രത്യേകതകൾ

കുട്ടിക്കാലം മുതൽ ഒരു പൗഡർ കണ്ടാൽ പോലും അതിലെ ചേരുവകൾ ഏതൊക്കെയാണെന്ന് അനു പരിശോധിക്കുമായിരുന്നു. മോയിസ്‌ചറൈസർ എന്താണെന്ന് പോലും അറിയാതിരുന്ന കാലത്ത്, തന്റെ സുഹൃത്തുക്കൾക്ക് ചർമസംരക്ഷണത്തിനായി വേണ്ട ചില ടിപ്‌സും അനു നിർദേശിച്ചിരുന്നു. ഇക്കാരണത്താൽ തന്നെയാണ് കോസ്‌മറ്റോളജിയെടുത്ത് പഠിച്ചതും. ശാസ്‌ത്രീയതയിലൂന്നി മാത്രം പ്രവർത്തിക്കുന്ന ബ്രാൻഡാണ് അനൂസ് ഹെർബ്‌സ്. പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഫേസ്‌പാക്കിൽ ആരംഭിച്ച് ഇന്ന് ഇരുപതോളം പ്രകൃതിദത്ത സൗന്ദര്യ വർദ്ധക വസ്‌തുക്കൾ അനൂസ് ഹെർബ്‌സിന്റേതായിട്ടുണ്ട്.

നിറം വർദ്ധിക്കുമെന്നോ, ഒറ്റ ദിവസത്തിൽ തലമുടി തഴച്ചുവളരുമെന്നോ ഉള്ള പൊള്ളയായ വാഗ്ദാനങ്ങൾ അനൂസ് ഹെർബ്‌സ് നൽകാറില്ല. പ്രോ‌ഡക്‌ടുകൾ വാങ്ങാനെത്തുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ കൃത്യമായി പഠിച്ചശേഷമാകും നിർദേശങ്ങൾ നൽകുക. ഭക്ഷണത്തിന്റെയോ വൈറ്റമിനുകളുടെയോ കുറവുകളുടെ ലക്ഷണങ്ങൾ ശരീരത്തിലുണ്ടെങ്കിൽ ആദ്യം അത് പരിശോധിച്ചശേഷം വേണമെങ്കിൽ മാത്രം പ്രോഡക്‌ടുകൾ നിർദേശിക്കും. അല്ലാതെ ഉപഭോക്താവിന്റെ പ്രശ്‌നങ്ങളെ ഒരിക്കലും ചൂഷണം ചെയ്യില്ലെന്ന് അനു പറയുന്നു.

products

ഒരു ക്രീം പുരട്ടിയതുകൊണ്ടൊന്നും സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയില്ല. നമുക്ക് ജന്മനാലുള്ള സൗന്ദര്യത്തെ നിലനിർത്താൻ മാത്രമേ സാധിക്കുകയുള്ളു. അതിനാൽതന്നെ അനൂസ് ഹെർബ്‌സിന്റേത് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളല്ല. സൗന്ദര്യം നിലനിർത്തുന്ന ഉൽപ്പന്നങ്ങളാണ്. ആയുർവേദവും മോഡേൺ കോസ്‌മറ്റോളജിയും സംയോജിപ്പിച്ചാണ് അനൂസ് ഹെർബ്‌സിന്റെ ഓരോ പ്രോഡക്‌ടുകളും നിർമിച്ചിരിക്കുന്നത്.

കൃത്രിമ നിറങ്ങളോ പെർഫ്യൂമുകളോ ഒന്നും ചേർക്കാതെ പ്രകൃതിദത്തമായ പൂക്കൾ, പഴങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയെല്ലാമാണ് ഇതിനായി ഉപയോഗിക്കുന്നത്. കൃത്യമായ ലാബ് ടെസ്റ്റിംഗ്, ഫോർമുലേഷൻ എന്നിവയും അനൂസ് ഹെർബൽസ് ഉറപ്പാക്കുന്നു. ഇതിനായി പ്രാഗൽഭ്യമുള്ള കെമിസ്റ്റുകളും ഫോർമുലേറ്റർമാരും പ്രൊഡക്ഷൻ യൂണിറ്റിലുണ്ട്.

15പേർക്ക് ജോലി

2018ൽ ചേർത്തല വളവനാട്ടെ വീടിനോട് ചേർന്നുള്ള ചെറിയൊരു മുറിയിലാണ് അനൂസ് ഹെർബ്‌സിന്റെ പ്രൊഡക്ഷൻ ആരംഭിച്ചത്. ആറ് വർഷം പിന്നിടുമ്പോൾ ഇന്ന് തമിഴ്‌നാട്ടിലെ ഈറോഡിൽ 1400 ചതുരശ്ര അടിയുള്ള ഒരു കെട്ടിടത്തിലേക്ക് പ്രൊഡക്ഷൻ യൂണിറ്റ് മാറ്റാൻ സാധിച്ചു. ആലപ്പുഴയിലും ഓഫീസുണ്ട്. രണ്ടിടത്തുമായി ഫോർമുലേറ്റേഴ്‌സ്, ക്വാളിറ്റി ചെക്കേഴ്‌സ് ഉൾപ്പെടെ 15 ജീവനക്കാരുണ്ട്.

anu

'അനൂക' എന്ന വെൽനെസ് ഫുഡ് ബ്രാൻഡിന്റെ കൂടി ഉടമയാണ് അനു. സൗന്ദര്യം നമ്മൾ കഴിക്കുന്ന ആഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെയൊരു ആശയം അനുവിന്റെ മനസിലേക്കെത്തിയത്. മില്ലറ്റ്‌സ്, മസാല ടീ, ഗ്രീൻ ടീ പോലുള്ള ഹെർബൽ ടീകൾ എന്നിവ അനൂകയിൽ ലഭ്യമാണ്. മറ്റ് ചായകളെ അപേക്ഷിച്ച് രുചി കൂടുതലായതിനാൽ ഇവയ്‌ക്ക് പഞ്ചസാരയുടെ ആവശ്യം വരുന്നില്ല. ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചേരുവകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്യം എക്‌സ്പോർട്ടിംഗ്

അനൂസ് ഹെർബ്‌സിന്റെ ഓരോ പ്രോഡക്‌ടുകളും എക്‌സ്‌പോർട്ട് ക്വാളിറ്റിയിലാണ് നിർമിക്കുന്നത്. എന്നുവച്ചാൽ, ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ഇവർ വരുത്താറില്ല. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ ഉൾപ്പെടെ പതിനായിരത്തിലധികം കസ്റ്റമേഴ്‌സ് അനൂസ് ഹെർബ്‌സിന്റെ പ്രോഡക്‌ടുകൾ സ്ഥിരമായി വാങ്ങാറുണ്ട്. ഭാവിയിൽ അനൂസ് ഹെർബ്‌സിന്റെ പ്രോഡക്‌ടുകൾ എക്‌സ്‌പോർട്ട് ചെയ്യണമെന്നാണ് അനുവിന്റെ ലക്ഷ്യം. സൗന്ദര്യവുമായി ബന്ധപ്പെട്ട ശാസ്‌ത്രീയ അവബോധം സൃഷ്‌ടിക്കുന്നതിനായി അനു കോളേജുകളിൽ അവബോധ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.

family

മാദ്ധ്യമപ്രവർത്തകനും റേഡിയോ ജോക്കിയുമായിരുന്ന ഭർത്താവ് കണ്ണനുണ്ണിയും അനുവിനൊപ്പം ബിസിനസിൽ പങ്കുചേർന്നിട്ടുണ്ട്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയും ഇന്റർനാഷണൽ മോഡലുമായ മകൻ അപ്പുണ്ണിയും അമ്മയ്‌ക്ക് പിന്തുണയുമായുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANU KANNANUNNI, BEAUTY PRODUCTS, ANUZ HERBALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA