
കൊച്ചി: സംസ്ഥാനത്തെ പൊതുമേഖല കമ്പനികളെ പ്രൊഫഷണലൈസ് ചെയ്ത് ഓഹരി പങ്കാളിത്തം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്ന കേരള ബഡ്ജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയില്‍ ചെറുകിട നിക്ഷേപകര്‍. ചരക്കു സേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതോടെ നികുതി സമാഹരണത്തിന് സാദ്ധ്യതകള്‍ മങ്ങിയതിനാല്‍ നികുതി ഇതര വരുമാനത്തില്‍ ശ്രദ്ധയൂന്നാന്‍ ധനമന്ത്രി നിര്‍ബന്ധിതനാകും.
കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്തെ ലാഭത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളിലെ പത്ത് ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കും പ്രവാസികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കിയാല്‍ പ്രതിവര്‍ഷം അയ്യായിരം കോടി രൂപയിലധികം സമാഹരിക്കാനാകുമെന്ന് കൊച്ചിയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ദ്ധനുമായ സുരേഷ് ഗോപിനാഥന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്(കെ.എസ്.എഫ്.ഇ), കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വിപുലമായ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലധനം കണ്ടെത്താന്‍ ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളുടെ വിപണി മൂല്യം ഉയര്‍ത്താനാകുമെന്നതും നേട്ടമാണ്.
ലാഭത്തില്‍ 28 സ്ഥാപനങ്ങള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 28 പൊതുമേഖല സ്ഥാപനങ്ങള്‍ളാണ് ലാഭമുണ്ടാക്കിയത്. ഇക്കാലയളവില്‍ വിറ്റുവരവ് ഉയര്‍ത്താനും ലാഭക്ഷമത മെച്ചപ്പെടുത്താനും കമ്പനികള്‍ക്ക് സാധിച്ചു. അടുത്ത ഘട്ടത്തില്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് രൂപപ്പെടുത്താനും പ്രവര്‍ത്തനം വിപുലീകരിക്കാനും ശക്തമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.
സിയാല്‍ മികച്ച മാതൃക
സ്വകാര്യ മേഖലയുമായി കൈകോര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) രാജ്യത്തിന് തന്നെ മികച്ച മാതൃകയാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ 1994ല്‍ രൂപീകരിച്ച സിയാലിന്റെ നിലവിലെ വിപണി മൂല്യം 25,000 കോടി രൂപയിലധികമാണെന്ന് വിലയിരുത്തുന്നു. ഓഹരികള്‍ ഇതുവരെ വിപണിയില്‍ ലിസ്റ്റ് ചെയ്യാത്തതിനാല്‍ കൃത്യമായ മൂല്യം ഇതുവരെ കണക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് കമ്പനിയില്‍ 33.38 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |