SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.39 AM IST

അദ്ധ്യാപകന്‍, സൊമാറ്റോ ഡെലിവറി ബോയി; ഇനി വിമാനം പറത്താന്‍ കൊക്ക്പിറ്റിലേക്ക്

pilot

തൃശൂര്‍: സ്വപ്നങ്ങള്‍ക്ക് പ്രായപരിധിയില്ല. പ്രതിസന്ധികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതിരുന്നാല്‍ ആകാശത്തോളം ഉയരെ പറക്കാം. കൊടുങ്ങല്ലൂര്‍ സ്വദേശി ഹൈസില്‍ ജെബിന്റെ ജീവിതം സാക്ഷി. പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ കൊമേഴ്സ്യല്‍ പൈലറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ 29കാരന്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ജെബിന്‍, ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സൊമാറ്റോ ഡെലിവറി ബോയിയായും കണക്ക് അദ്ധ്യാപകനായും ജോലി ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്.

ദുബായില്‍ ടൈപ്പിസ്റ്റായിരുന്ന പിതാവിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. 2020ല്‍ കൊവിഡ് കാലത്ത് പിതാവിന് ഹൃദയാഘാതം സംഭവിച്ചതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ഇതോടെ കൊച്ചിയില്‍ സൊമാറ്റോ ഡെലിവറി ബോയിയായി ജോലിക്കുകയറി. പിന്നീട് ബംഗളൂരുവിലെ എഡ്‌ടെക് എന്ന കമ്പനിയില്‍ ഗണിത അദ്ധ്യാപകനായി. പിതാവിനെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചെങ്കിലും 2021 ജൂണില്‍ മരിച്ചു.

27 വയസ് പൂര്‍ത്തിയായതോടെ വ്യോമസേനയില്‍ പൈലറ്റാകാനുള്ള പ്രായപരിധിയും കഴിഞ്ഞു. നിലവില്‍ കൊടുങ്ങല്ലൂരില്‍ അമ്മയോടൊപ്പം താമസിക്കുന്ന ജെബിന്റെ സഹോദരന്‍ യു.കെയിലും സഹോദരി കൊച്ചിയിലും പഠിക്കുകയാണ്.



കഠിനാദ്ധ്വാനം മുറുകെപ്പിടിച്ച്


കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ലക്ഷ്യമിട്ട് ഫിലിപ്പീന്‍സിലെ ഫാസ്റ്റ് ഏവിയേഷന്‍ അക്കാഡമിയില്‍ പ്രവേശനം നേടി. വിദ്യാഭ്യാസ വായ്പയ്ക്കായി രണ്ട് വര്‍ഷത്തോളം ബാങ്കുകള്‍ കയറിയിറങ്ങി. ഒടുവില്‍ 2024 ഡിസംബറില്‍ ഫിലിപ്പീന്‍സിലെത്തി കഠിന പരിശീലനം പൂര്‍ത്തിയാക്കി ഈ വര്‍ഷമാദ്യം പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി.

ലക്ഷ്യങ്ങള്‍ക്കിടയില്‍ ചെറിയ പ്രായസങ്ങള്‍ വരുമ്പോള്‍ പലരും വഴിയില്‍ വെച്ച് സ്വപ്നങ്ങള്‍ ഉപേക്ഷിക്കാറുണ്ട്. പക്ഷേ അത് ശരിയല്ല. ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയാല്‍ വിജയം തീര്‍ച്ചയായും നമ്മെ തേടിയെത്തും. - ഹൈസില്‍ ജെബിന്‍

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PILOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA