ഒരു ബാൽക്കണിയോ ടെറസോ ഉണ്ടെങ്കിൽ ആർക്കും സ്വന്തമായി പച്ചക്കറി കൃഷി തുടങ്ങാമെന്ന് തെളിയിക്കുകയാണ് നടൻ ആർ. മാധവൻ. മുംബയിലെ തന്റെ വീടിന്റെ ടെറസിൽ സ്വന്തമായി പച്ചക്കറികൾ വിളയിക്കുന്നതിനൊപ്പം തമിഴ്നാട്ടിൽ വലിയൊരു തെങ്ങിൻതോട്ടവും താരം പരിപാലിക്കുന്നുണ്ട്. 2014ൽ തന്റെ ബാൽക്കണിയിൽ പച്ചക്കറികളും ഫലവർഗങ്ങളും പരീക്ഷിച്ച് തുടങ്ങിയ കൃഷിഭ്രമം ഇന്ന് നടന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഒരു പച്ചക്കറി എങ്കിലും സ്വയം നട്ടു വളർത്തിയാൽ മാത്രമേ കർഷകർ അനുഭവിക്കുന്ന അധ്വാനത്തിന്റെ ആഴം മനസ്സിലാകൂ എന്നാണ് താരം അഭിപ്രായപ്പെടുന്നത്.
ഒരു സിനിമയുടെ ചർച്ചകളുമായി ബന്ധപ്പെട്ട് വീട്ടിൽ വെറുതെയിരുന്നപ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞതെന്നും ഒരിക്കൽ മാധവൻ പറഞ്ഞിരുന്നു. 2017ൽ നൽകിയ ഒരു അഭിമുഖത്തിലാണ് കൃഷിയോടുള്ള തന്റെ താൽപ്പര്യത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ചത്. പുറത്ത് നിന്നും വാങ്ങുന്ന പച്ചക്കറികളിലെ പോഷകക്കുറവും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വ്യാപനവും പ്രകൃതിദത്തമായ കൃഷിയിലേക്ക് തന്നെ ആകർഷിച്ചത്. ഈയൊരു കൗതുകം പിന്നീട് കൃഷിയിലേക്ക് നയിക്കുകയായിരുന്നുവെന്ന് മാധവൻ പറഞ്ഞിരുന്നു.
'ഒരു തിരക്കഥയുടെ പണിപ്പുരയിലായിരുന്നതിനാൽ ഞാൻ ഏറെ സമയവും വീട്ടിലായിരുന്നു ചെലവഴിച്ചത്. ആ സമയം ജൈവകൃഷിയെക്കുറിച്ച് വായിച്ചറിഞ്ഞു. എന്റെ ടെറസിൽ നിന്നാണ് വീട്ടിലേക്കുള്ള 70 ശതമാനം സീസണൽ പച്ചക്കറികളും ഇപ്പോൾ ആവശ്യത്തിന് ലഭിക്കുന്നുത്. സാധാരണ ആവശ്യമായ വെള്ളത്തിന്റെ ഇരുപതിൽ ഒന്ന് മാത്രമാണ് ഇതിനായി ഞാൻ ഉപയോഗിക്കുന്നത്,'- മാധവൻ വ്യാക്തമാക്കി.
തക്കാളി മുതൽ ബ്രൊക്കോളി വരെ
വെണ്ടയ്ക്ക, വഴുതനങ്ങ, ബ്രൊക്കോളി, തക്കാളി, വെള്ളരി തുടങ്ങിയ ഒട്ടനവധി വിളകളാണ് മാധവൻ തന്റെ ടെറസിൽ വിളയിച്ചത്. തന്റെ വീടിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. ടെറസ് കൃഷിക്ക് പുറമെ തമിഴ്നാട്ടിലെ വരണ്ട് കിടന്നിരുന്ന വസ്തു ഫലഭൂയിഷ്ഠമായ തെങ്ങിൻതോട്ടമാക്കി മാറ്റിയെടുക്കുന്ന വലിയൊരു കാർഷിക സംരംഭവും മാധവൻ വിജയകരമായി നടത്തിവരുന്നുണ്ട്.
സ്വന്തമായി ജൈവ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരോട് മാധവൻ നിർദേശിക്കുന്നത്
ഗുണനിലവാരമുള്ള മണ്ണ്: ചെടികൾ നടുമ്പോൾ മണ്ണിന്റെ ഗുണനിലവാരത്തിനാണ് മുൻഗണന നൽകേണ്ടത്. സാധാരണ മണ്ണും നദീതീരത്തെ മണ്ണും ഇടകലർത്തി ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ജൈവവിത്തുകൾ കണ്ടെത്തുക: കൃഷിക്കായി മികച്ച ഗുണനിലവാരമുള്ള ജൈവവിത്തുകൾ തന്നെ കണ്ടെത്തണം. ആദ്യമായി യൂറോപ്പിൽ നിന്നാണ് വിത്തുകൾ ശേഖരിച്ചത്. എന്നാൽ അവയിൽ പലതും ഇന്ത്യയിൽ നിന്നുള്ളവയായിരുന്നു.
നാടൻ വിത്തുകളുടെ സ്രോതസ്: ഗ്രാമങ്ങളിലെ കർഷകരുടെ പക്കൽ നല്ല നാടൻ വിത്തുകൾ ലഭ്യമാകും. ഇതിന് സാധിക്കാത്തവർക്ക് ഓൺലൈൻ വഴിയും വിത്തുകൾ വാങ്ങാവുന്നതാണ്.
മതിയായ സൂര്യപ്രകാശം: വിത്തുപാകിയ ശേഷം ചെടികളുടെ വളർച്ചയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്.
വായുസഞ്ചാരം ഉറപ്പാക്കുക: വായുസഞ്ചാരമില്ലാത്ത അടഞ്ഞ സ്ഥലങ്ങളിൽ ചെടികൾക്ക് വളരാൻ ബുദ്ധിമുട്ടാകും.
അമിതമായി വെള്ളം നൽകരുത്: കൂടുതൽ വെള്ളം ഒഴിച്ചാൽ ചെടികൾ നന്നായി വളരണമെന്നില്ല. ചെടിയുടെ ആവശ്യം അറിഞ്ഞു മാത്രം നനയ്ക്കുക.
കീടങ്ങളിൽ നിന്ന് സംരക്ഷണം: മുളച്ചുവരുന്ന കുഞ്ഞ് ചെടികളെ എലികൾ പോലുള്ളവ നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ തുടക്കം മുതൽ ചെടികൾ മൂടി സംരക്ഷിക്കണം.
R. Madhavan has turned terrace and balcony gardening into a meaningful part of his lifestyle. He began growing vegetables and fruits in 2014 and now reportedly meets around 70% of his seasonal vegetable needs from his terrace garden in Mumbai.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |