SignIn
Kerala Kaumudi Online
Monday, 05 October 2026 10.39 AM IST

ചെറുകാറുകളെ പിന്തള്ളി ഇന്ത്യയിൽ എസ്.യു.വി തരംഗം

suv

കൊച്ചി: ചെറുകാറുകളുടെയും ഫാമിലി സെഡാനുകളുടെയും നാടായ ഇന്ത്യയിൽ ഇപ്പോൾ വീശിയടിക്കുന്നത് എസ്.യു.വി തരംഗം! ഈ വർഷം ജൂലായ്-സെപ്‌തംബറിലെയും സെപ്‌തംബറിലെ മാത്രവും പാസഞ്ചർ വാഹന വില്പന കണക്കെടുത്താൽ ചെറുകാറുകളോ (ഹാച്ച്ബാക്ക്) സെഡാനുകളോ അല്ല, സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളാണ് ഇന്ത്യക്കാർ ഏറ്റവുമധികം വാങ്ങിക്കൂട്ടിയത്.

കഴിഞ്ഞമാസം രാജ്യത്ത് ഹാച്ച്ബാക്ക്, സെഡാൻ ശ്രേണികളിലായി നടന്നത് 64,235 യൂണിറ്റുകളുടെ കച്ചവടമാണ്. എസ്.യു.വികൾ നേടിയ വില്പന 87,720 യൂണിറ്റുകൾ.

വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) കണക്കുപ്രകാരം ഇക്കഴിഞ്ഞ ജൂലായ്-സെപ്‌തംബറിൽ 3.67 ലക്ഷം എസ്.യു.വികൾ പുതുതായി നിരത്തുകളിലെത്തി. ഹാച്ച്ബാക്ക്, സെഡാൻ വില്പന 3.43 ലക്ഷമായിരുന്നു.

എത്തിപ്പിടിക്കാവുന്ന വില, ആകർഷകമായ ഡിസൈനും ഉന്നത ഫീച്ചറുകളും മികച്ച സുരക്ഷാ സൗകര്യങ്ങളും, മികച്ച ഡ്രൈവിംഗ് ആസ്വാദനം, നാലിലേറെ പേരെ ഉൾക്കൊള്ളുന്നതും ദീർഘദൂരയാത്രകളെ മടുപ്പിക്കാത്തതും ആവശ്യത്തിന് ബൂട്ട്‌സ്‌പേസുമൊക്കെയുള്ള വിശാലമായ അകത്തളം തുടങ്ങിയ ഘടകങ്ങളാണ് എസ്.യു.വി തരംഗത്തിന്റെ കാരണങ്ങൾ. റോഡിൽ ഏവരുടെയും ശ്രദ്ധപതിക്കുമെന്നതും എസ്.യു.വികളെ പ്രിയമുള്ളതാക്കുന്നു.

അമേരിക്ക, ചൈന, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നേരത്തേ തന്നെ എസ്.യു.വികൾ വിപണിയുടെ മുന്തിയപങ്കും സ്വന്തമാക്കിയിരുന്നു. മെല്ലെയാണെങ്കിലും ഇന്ത്യയും ഇതേപാതയിലേറി എന്നാണ് വാഹന നിർമ്മാതാക്കൾ പറയുന്നത്.

സ്‌പോർട്ടീ കുതിപ്പ്

(ജൂലായ്-സെപ്‌തംബർപാദ വില്പന - യൂണിറ്റ് കണക്ക്)

ഹാച്ച്ബാക്കും സെഡാനും

2019-20 : 3.67 ലക്ഷം

2020-21 : 4.26 ലക്ഷം

2021-22 : 3.43 ലക്ഷം

എസ്.യു.വി

2019-20 : 2.22 ലക്ഷം

2020-21 : 2.69 ലക്ഷം

2021-22 : 3.67 ലക്ഷം

പുതുതരംഗം

വാഹന നിർമ്മാതാക്കൾ കൂടുതൽ ശ്രദ്ധിക്കുന്നത് എസ്.യു.വികളുടെ ലോഞ്ചിംഗിൽ.ഒരു വർഷത്തിനിടെ പുതുതായി നിരത്തിലെത്തിയ വാഹനങ്ങളുടെ കണക്ക്:

എസ്.യു.വി : 42

സെഡാൻ : 29

ഹാച്ച്ബാക്ക് : 25

ആകർഷക വില

സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന വിലയിലേക്ക് എസ്.യു.വികൾ എത്തിയതാണ് വിപണിയിൽ ആവേശമുണ്ടാക്കുന്നത്. ഉദാഹരണത്തിന് നിസാൻ മാഗ്‌നൈറ്റ്,​ റെനോ കൈഗർ എന്നിവയ്ക്ക് ആറുലക്ഷം രൂപയ്ക്ക് താഴെ മുതലാണ് വിലയാരംഭം.

മാരുതി ബ്രെസ,​ കിയ സോണറ്റ്,​ ഹ്യുണ്ടായ് വെന്യു,​ ടാറ്റ നെക്‌സോൺ എന്നിവ 10 ലക്ഷം രൂപയ്ക്ക് താഴെ സ്വന്തമാക്കാം.

ആഡംബര എസ്.യു.വി പ്രിയർക്കായി മെഴ്‌സിഡെസ് ജി.എൽ.എസ് മേബാക്ക്,​ ലംബോർഗിനി ഉറൂസ്,​ ഔഡി ഇ-ട്രോൺ,​ പോർഷെ കയേൻ തുടങ്ങിയവയും വിപണിയിലുണ്ട്.

കുതിക്കുന്ന കച്ചവടം

വിവിധ ശ്രേണികളുടെ വില്പന വളർച്ച ഈ ഏപ്രിൽ-സെപ്‌തംബറിൽ

എസ്.യു.വി : 102%

മറ്റുള്ളവ : 38%

മൊത്തം വിപണി : 58%

ബുക്കിംഗ് ആവേശം

മഹീന്ദ്രയുടെ പുത്തൻ പ്രീമിയം എസ്.യു.വിയായ എക്‌സ്.യു.വി 700 വെറും മൂന്നു മണിക്കൂറിനകം സ്വന്തമാക്കിയത് 50,000 ബുക്കിംഗുകളാണ്. വിപണിയിൽ എസ്.യു.വികളുടെ ട്രെൻഡ് ഇത് വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, SUV, DRIVERS CABIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE