SignIn
Kerala Kaumudi Online
Sunday, 14 June 2026 6.39 AM IST

തട്ടുകടയിലിരുന്ന് ഡബിളും സിംഗിളും അടിക്കുമ്പോൾ ആലോചിക്കാറുണ്ടോ ആ മുട്ട എവിടെ നിന്നാണ് വരുന്നതെന്ന്?

egg

തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന മുട്ട 'ആദായവില'യിൽ നാടാകെ വില്പന നടക്കുമ്പോൾ നാടൻ മുട്ടക്കോഴി കർഷകരുടെ ചങ്കുപിടയുന്നു. നാട്ടിൻപുറത്ത് ഏഴ് രൂപയ്ക്ക് കോഴിമുട്ട കച്ചവടം നടക്കവേ, തമിഴൻ മുട്ട 4.80 രൂപയ്ക്കുവരെ ലഭ്യമാണ്. നാടൻ താറാവ് മുട്ടയ്ക്ക് 10 രൂപയുള്ളപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ളവ ഒൻപത് രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് മേഖലയിൽ തർക്കത്തിനും വഴിതെളിച്ചിട്ടുണ്ട്.

പത്ത് ദിവസത്തിനുള്ളിൽ മുട്ട വിറ്റ് മാറിയില്ലെങ്കിൽ വ്യാപാരികൾക്ക് കനത്ത നഷ്ടമുണ്ടാവും. ചൂട് 37 ഡിഗ്രിയിൽ എത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനവും വ്യാപാരികളെ ആശങ്കപ്പെടുത്തുന്നു. തമിഴ്‌നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് ശീതീകരണ സംവിധാനത്തിൽ സൂക്ഷിച്ച മുട്ടയാണ് ഇപ്പോൾ തെരുവോരത്ത് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്.

ഒരു മുട്ടയുടെ കാലാവധി തണുപ്പ് കാലത്ത് പത്തും ഉഷ്ണകാലത്ത് ഏഴും ദിവസമാണ്. പ്രതിദിന വില്പനയ്ക്ക് ആവശ്യമായ മുട്ടകൾ മാത്രം വിപണിയിൽ എത്തിക്കുന്നതാണ് തമിഴ് മുട്ടക്കച്ചവടക്കാരുടെ രീതി. തൃപ്പൂണിത്തുറ, വൈക്കം എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്ന് കൊണ്ടുവരുന്ന മുട്ടയാണെന്നാണ് വില്പനക്കാരുടെ വാദം. കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന മുട്ട ഗുണമേന്മയില്ലാത്തതും തൂക്കത്തിൽ കുറവുള്ളതുമാണെന്ന് നാടൻ കർഷകർ പറയുന്നു.

തൂക്കം നോക്കണം

65 ഗ്രാമിന് താഴെ, 65- 90ഗ്രാം, 90 ഗ്രാമിന് മുകളിൽ എന്നിങ്ങനെയാണ് മുട്ടയുടെ തൂക്കം പറയുന്നത്. മൊത്തവ്യാപാരികൾ നാടൻ കർഷകർക്ക് 6- 6.50 രൂപ വരെ നൽകിയാണ് ശേഖരിക്കുന്നത്. വില്പന 7- 7.50 നിരക്കിലും. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള മുട്ട വരവ് ഈ കണക്കുകളൊക്കെ തെറ്റിക്കുകയാണ്.

മീനില്ല, മുട്ട വേണം

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങളുടെ വരവ് നിലച്ചതിന് പിന്നാലെ തീരമേഖലകളിൽ മത്സ്യക്ഷാമവും രൂക്ഷമായതോടെ മുട്ടക്കച്ചവടം ഉഷാറാണ്. പൊന്തു വള്ളങ്ങളിലെയും ചെറുവള്ളങ്ങളിലെയും മത്സ്യബന്ധനം കാര്യമായി നടക്കുന്നില്ല. നാട്ടിൻപുറങ്ങളിൽ കൂടുതൽ പേർ മുട്ട വ്യാപാരത്തിലേയ്ക്ക് മാറി. ജില്ലയിൽ ചെറുതും വലുതുമായ 500ൽ അധികം മുട്ട മൊത്തക്കച്ചവടക്കാരുണ്ട്. ഒരുദിവസം ഒരുമുട്ടക്കോഴിക്ക് തീറ്റയും മരുന്നുമായി ശരാശരി 4.50 രൂപ ചെലവാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ മുട്ടക്കോഴി വളർത്തൽ അത്ര ലാഭകരമല്ലെന്നും ശീതീകരിച്ച് സൂക്ഷിച്ച മുട്ടകൾ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും നാടൻ കോഴി കർഷകർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EGG, TAMILNADU, KERALA, RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY