SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

ആവേശപ്പോരിലേക്ക് അമ്പലപ്പുഴ

g

ആലപ്പുഴ: ജി.സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തോടെ ശ്രദ്ധേയമണ്ഡലമായി മാറിയ അമ്പലപ്പുഴയിൽ മത്സര ചിത്രം തെളിഞ്ഞു. സിറ്റിംഗ് എം.എൽ.എ എച്ച്.സലാം ഇടതുപക്ഷ സ്ഥാനാർത്ഥിയായും, അരുൺ അനിരുദ്ധൻ ബി.ജെ.പി സ്ഥാനാർത്ഥിയായും കളത്തിലിറങ്ങുന്ന മണ്ഡലത്തിൽ ജി.സുധാകരനാണ് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

സുധാകരന്റെ ജനപ്രിയതയും അഴിമതിരഹിത പ്രതിച്ഛായയും തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. മൂവരും പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. രാഷ്ട്രീയത്തിലുപരി ആശയങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുന്നത്. സി.പി.എമ്മിനുള്ളിൽ താൻ നേരിട്ട അപമാനങ്ങൾ എണ്ണിപ്പറഞ്ഞ ജി.സുധാകരന്റെ നിലപാടും, പാർട്ടിയെ ഉപേക്ഷിച്ച സുധാകരനെതിരെയുള്ള സി.പി.എം പ്രചരണവും നേർക്കുനേർ പോരടിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സൃഷ്ടിച്ച ഓളവും തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റവും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

കമ്മ്യൂണിസ്റ്റ് കോട്ടയായി വിലയിരുത്തപ്പെടുന്ന ആലപ്പുഴയിലെ പ്രധാനപ്പെട്ട മണ്ഡലമാണ് അമ്പലപ്പുഴ. 1965 ലാണ് മണ്ഡലം നിലവിൽ വന്നത്. 1967 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രണ്ടേ രണ്ട് തവണ മാത്രമാണ് അമ്പലപ്പുഴ കോൺഗ്രസിനൊപ്പം നിന്നത്. ഒമ്പത് തവണയും മണ്ഡലം ചുവന്നു. 2006 മുതൽ മണ്ഡലം ഇടതിനെ കൈവിട്ടിട്ടുമില്ല. സി.പി.എം കോട്ടകളിലൊന്നായ അമ്പലപ്പുഴയിൽ വീണുകിട്ടിയ അവസരം മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമം.

1967 ലും 1970 ലും വി.എസ്. അച്യുതാനന്ദനാണ് അമ്പലപ്പുഴയിൽ നിന്നും വിജയിച്ചത്. പി.കെ ചന്ദ്രാനന്ദൻ, സുശീല ഗോപാലൻ, സി.കെ .സദാശിവൻ എന്നിവരും അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലെത്തി. 1987ലും 2001 ലുമാണ് അമ്പലപ്പുഴ കോൺഗ്രസിന്റെ കൈപിടിച്ചത്. 2006ലാണ് ജി.സുധാകരൻ സി.പി.എം സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിലെത്തിയത്. 2006ലും 2011ലും 2016ലും തുടർച്ചയായി വിജയിച്ചു. ആദ്യ തവണ ഭൂരിപക്ഷം 11,929 വോട്ടുകളായിരുന്നു. 2011ൽ ഭൂരിപക്ഷം 16580 ആയി ഉയർന്നു. 2016ലത് 22621 ആയി. 2021ൽ ജി.സുധാകരനെ മാറ്റി എച്ച് സലാമിനെ പരീക്ഷിച്ചപ്പോഴും വിജയം കൈവിട്ടില്ല. പക്ഷേ ഭൂരിപക്ഷം 11126ലേക്ക് താഴ്ന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേട്ടമുണ്ടാക്കാനായെങ്കിലും നിയമസഭയിൽ അതാവർത്തിക്കുക യു.ഡി.എഫിന് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെയാണ് സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം യു.ഡി.എഫ് വലിയ അവസരമായി കാണുന്നത്. സി.പി.എമ്മിലെ മുതിർന്ന നേതാക്കളിലൊരാൾ പാർട്ടിക്കെതിരെ മത്സരിക്കുന്നത് തുടർഭരണം ആ​ഗ്രഹിക്കുന്ന ഇടതുമുന്നണിക്ക് കനത്ത വെല്ലുവിളിയാണ്.

2021 വോട്ടുനില

എച്ച്.സലാം (എൽ.ഡി.എഫ്) - 61,365

എം.ലിജു (യു.ഡി.എഫ്) - 50,240

അനൂപ് ആന്റണി (എൻ.ഡി.എ) - 22,389

ഭൂരിപക്ഷം - 11,125

മണ്ഡലം

ആലപ്പുഴ നഗരസഭയുടെ 25 വാർഡുകളും, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകളും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL