
# പടക്കംപൊട്ടിക്കലിന് നിരോധനം
ആലപ്പുഴ: ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി ജില്ലാപൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 11 ഡിവൈ.എസ്.പി മാർ, 46 ഇൻസ്പെക്ടർമാർ, 360 എസ്.ഐ മാർ എന്നിവരുൾപ്പടെ 1800ൽ പരം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഗതാഗത ക്രമീകരണമുൾപ്പെടെ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമ്പലപ്പുഴയുൾപ്പെടെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ വോട്ടിംഗ് അട്ടിമറിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനുമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലുടനീളം ശക്തമായ പൊലീസ് ബന്തവസാണ് ക്രമീകരിച്ചിരിക്കുന്നത്. ആഹ്ളാദ പ്രകടനങ്ങൾ അതിരുവിടാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായി പടക്കംപൊട്ടിക്കലിന് നിരോധനമുണ്ട്. ഇന്ന് മുതൽ 3 ദിവസത്തേക്ക് പടക്കം, പൂത്തിരി തുടങ്ങിയയെന്നും ഉപയോഗിക്കാൻ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. മദ്യവിൽപ്പനയും നിരോധിച്ചു.
വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ്, എസ്.ഡി കോളേജ് എന്നിവയുടെ സമീപത്തെ റോഡുകളിൽ രാവിലെ 4 മുതൽ വാഹന ഗതാഗതം വഴിതിരിച്ച് വിടും.വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനാനുമതിയുള്ള വാഹനങ്ങളും, കൗണ്ടിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ഇരുചക്ര വാഹനങ്ങളും മാത്രമേ അനുവദിക്കൂ. മാവേലിക്കര നഗരത്തിൽ ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിജയാഹ്ലാദ പ്രകടനങ്ങളും, മറ്റ് ജാഥകളും പൊലീസിന്റെ പൂർണ്ണനിയന്ത്രണത്തിൽ ഡ്രോൺ നിരീക്ഷണത്തിലുമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |