SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

മെഡി.കോളേജ് ആശുപത്രി : റേഡിയോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല

scs

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ

റേഡിയോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത്

രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു. ആശുപത്രിയിലെ ജെ ബ്ലോക്കിൽ താഴത്തെ നിലയിലാണ് റേഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്.

ഒരു പ്രൊഫസറും നാല് അസിസ്റ്റന്റ് പ്രൊഫസർമാരും വേണ്ടിടത്ത് രണ്ട് ഡോക്ടർമാർ മാത്രമാണ് ഇപ്പോഴുള്ളത്.രണ്ട് ഡോക്ടർമാർ അനുമതിയില്ലാതെ അവധിയെടുത്ത് പോയിട്ട് വർഷം രണ്ട് കഴിഞ്ഞു.

സീനിയർ റസിഡന്റ് ഡോക്ടർമാർ നാലും പേർ വേണ്ടിടത്ത് രണ്ട് ജൂനിയർ ഡോക്ടമാർ മാത്രമാണ് ദിവസേന 60 മുതൽ 70 വരെ രോഗികളെത്തുന്ന

റേഡിയോളജി വിഭാഗത്തിലുള്ളത്.

ഹെൽത്ത് കാർഡുള്ളവർക്കും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കും

ആശുപത്രിയിൽ പരിശോധനകൾ സൗജന്യമാണ്. മാത്രമല്ല,​ ആശുപത്രിയിൽ 150 രൂപയ്ക്ക് ചെയ്യുന്ന അൾട്രാസൗണ്ട് സ്‌കാൻ സ്വകാര്യ ലാബുകളിൽ 750 രൂപ നൽകേണ്ടി വരും. സി.ടി, എം.ആർ.ഐ തുടങ്ങിയ പരിശോധനകൾക്കും ഇരട്ടിയിലധികം രൂപയാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. ഇത് നിർധനരായ രോഗികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടാണ്,​ എത്ര കാത്തിരുന്നാലും ആശുപത്രിയിൽ തന്നെ പരിശോധനകൾ ചെയ്യാമെന്ന് രോഗികൾ കരുതുന്നത്.

വേണ്ടത് :

പ്രൊഫസർ-1

അസി.പ്രൊഫസർ- 4

സീനിയർ റസി.

ഡോക്ടർമാർ- 4

നിലവിൽ :

ഡോക്ടർമാർ- 2

ജൂനിയർ

ഡോക്ടർമാർ -2

ചികിത്സ വൈകുന്നു

1.ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് കാരണം റേഡിയോളജി വിഭാഗത്തിലെ പരിശോധനകളായ സി.ടി സ്കാൻ, എം.ആർ.ഐ, അൾട്രാസൗണ്ട് സ്കാനിംഗ് റിപ്പോർട്ടുകൾ വൈകുന്നത് രോഗികളുടെ ചികിത്സയെ ബാധിക്കുന്നു

2.റിപ്പോർട്ടുകൾ ഡോക്ടർമാർ തന്നെ തയ്യാറാക്കേണ്ടതിനാൽ 15 ദിവസം വരെ കഴിഞ്ഞാണ് പരിശോധനകളുടെ ഫലം രോഗികൾക്ക് ലഭിക്കുന്നത്. സി.ടി സ്കാൻ, എം.ആർ.ഐ തുടങ്ങിയ പരിശോധനകൾ അത്യാവശ്യമായി വേണ്ട രോഗികളെ പോലും ഡേറ്റ് കൊടുത്ത് വിടുകയാണ് പതിവ്

3.ഇതുകാരണം അടിയന്തര ശ്രദ്ധ ലഭിക്കേണ്ട രോഗികൾക്ക് പോലും ചികിത്സ നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്. ഡേറ്റ് കൊടുത്ത് വിടുന്നതിനാൽ പലരും സ്വകാര്യ ലാബുകളിൽ വൻ തുക കൊടുത്ത് പരിശോധനകൾ നടത്തുകയാണ് ചെയ്യുന്നത്

4.ചികിത്സ വൈകുന്നത് രോഗികളുടെ അവസ്ഥവഷളാകാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. ഒഴിവുകൾ നികത്തിയും ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ചും ദുരിതത്തിന് പരിഹാരം കാണണമെന്നതാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം

വിവിധ പരിശോധനകൾക്ക് ആഴ്ച്ചകളോളം കാത്തിരിക്കേണ്ടി വരുന്നത് ഗുരുതരമായ സാഹചര്യമാണ്. പരിശോധന ഫലം വൈകുന്നത് കാരണം രോഗികളുടെ തുടർചികിത്സ വൈകുകയും ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യും.

-യു.എം.കബീർ, കെ.സി.വേണുഗോപാൽ എം.പിയുടെ പ്രതിനിധി

ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കണം. പരിശോധനകൾക്ക് രണ്ടാഴ്ച മുതൽ രണ്ട് മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. അവധിയിൽ പോയ അസിസ്റ്റന്റ് പ്രൊഫസർമാർ പകരം സംവിധാനം ഏർപ്പെടുത്തണം.

- ആർ. സുധീഷ്, ജനറൽസെക്രട്ടറി, ജനകീയ ജാഗ്രതാസമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL