
ആലപ്പുഴ: വേനൽമഴയ്ക്ക് പിന്നാലെ കാലവർഷവും എത്തുന്നതോടെ ജില്ലയിൽ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിലാകും. ദുരന്ത നിവാരണച്ചട്ടപ്രകാരം കാലവർഷക്കാലത്ത് മണ്ണ് ഡ്രഡ്ജിംഗിനുള്ള വിലക്കും പ്രതികൂല കാലാവസ്ഥയിൽ നിർമ്മാണജോലികൾ തുടരാനാകാത്തതുമാണ് തടസം. സംസ്ഥാനത്ത് ദേശീയപാത നിർമ്മാണം ഏറ്റവും പിന്നാക്കമാണ് ആലപ്പുഴയിലെ കൊറ്റുകുളങ്ങര-പറവൂർ, പറവൂർ- തുറവൂർ റീച്ചുകൾ. റോഡ് നിർമ്മാണത്തിനാവശ്യമായ മണ്ണിന്റെ ക്ഷാമമായിരുന്നു പ്രശ്നം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വേമ്പനാട്ട് കായൽ ഖനനം ചെയ്താണ് മണ്ണ് ലഭ്യമാക്കിയിരുന്നത്. ഇരു റീച്ചുകളിലുമായി 50ലധികം അടിപ്പാതകളുള്ളതിൽ വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡുകൾ പകുതിപോലുമായിട്ടില്ല. മണ്ണ് ലഭ്യമാക്കുന്നതിലെ കാലതാമസമാണ് പ്രശ്നം.
കാലവർഷത്തിന്റെ വരവ് കണക്കിലെടുത്ത് ദേശീയപാതയിൽ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. മഴക്കാലത്തും ഡ്രൈവർമാർക്ക് ദൂരക്കാഴ്ചയിൽ തന്നെ വ്യക്തമാകും വിധം ദേശീയപാതയിൽ ഗതാഗതം വഴിതിരിച്ചുവിടുന്ന ബോർഡുകളും സൈനുകളും സ്ഥാപിക്കുകയും വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജുകളുടെ ക്ളീനിംഗുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
കൊറ്റുകുളങ്ങര - പറവൂർ റീച്ചിൽ തോട്ടപ്പള്ളി പാലത്തിന്റെ ഉൾപ്പെടെ സ്പാനുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ഗർഡറുകളുടെ നിർമ്മാണം ശേഷിക്കുകയാണ്. ഹരിപ്പാട് എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ സ്ഥിതിയും ഇത് തന്നെയാണ്. ഇവിടങ്ങളിൽ ഗർഡർ നിർമ്മാണത്തിനുള്ള ഇരുമ്പ് കമ്പികൾ കട്ട് ചെയ്യുന്നതിനും വെൽഡ് ചെയ്യുന്നതിനും മഴ തടസമാണ്.
ഡ്രഡ്‌ജിംഗ് വിലക്ക് തിരിച്ചടി
1. കാലവർഷം ആരംഭിക്കുന്നതോടെ, ദുരന്തനിവാരണച്ചട്ടപ്രകാരം ഖനനവും ഡ്രഡ്ജിംഗ് പ്രവർത്തികളും മഴക്കാലം അവസാനിക്കും വരെ നടത്താനാകില്ലെന്ന് ജില്ലയിലെ ദേശീയപാത നിർമ്മാണത്തിന് തിരിച്ചടിയാകും
2. ഡ്രഡ്ജ് ചെയ്ത് പദ്ധതി പ്രദേശത്ത് കുന്നുകൂട്ടുന്ന മണ്ണ് ഈർപ്പം മാറിയാലേ നിരത്താൻ കഴിയൂ. കാലവർഷാരംഭം കണക്കിലെടുത്ത് ഏപ്രിൽ, മേയ് മാസങ്ങളിൽ പരമാവധി മണ്ണ് ഡ്രഡ്ജ് ചെയ്തെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി മഴ ശക്തമായതോടെ റോഡിൽ നിരത്താനായിട്ടില്ല
3. കൊറ്റുകുളങ്ങര- പറവൂർ റീച്ചിൽ കായംകുളം കായലിൽ നിന്ന് ഡ്രഡ്ജ് ചെയ്യുന്ന മണ്ണാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. ഡ്രഡ്ജിംഗ് വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയിൽ കാർത്തികപ്പള്ളിയിൽ ഡ്രഡ്ജിംഗിന് നിയന്ത്രണം വന്നുകഴിഞ്ഞു
4.കാലവർഷം ശക്തമായാൽ രണ്ടുമാസമെങ്കിലും കാര്യമായ മഴ പെയ്യാനാണ് സാദ്ധ്യത. ഇത് ഖനനത്തിനൊപ്പം നിർമ്മാണജോലികളെയും തടസപ്പെടുത്തും. ഇത് വർഷകാലത്ത് നിർമ്മാണം പൂർണമായും നിലയ്ക്കാൻ ഇടയാക്കും
ഡ്രഡ്ജിംഗിന് മാത്രമല്ല മഴ നിർമ്മാണ ജോലികൾക്കാകെ തടസമാണ്. മഴക്കാലം കഴിഞ്ഞാൽ മാത്രമേ ദേശീയ പാത നിർമ്മാണം വേഗത്തിലാക്കാൻ കഴിയൂ
- പ്രോജക്ട് ഓഫീസ്, എൻ.എച്ച്.എ.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |