ആലപ്പുഴ: തിങ്കളാഴ്ച മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 'പ്രിയദർശിനി' സൗജന്യ യാത്ര നൽകാൻ ജില്ലയിൽ നിരത്തിലുണ്ടാവുക 187 ഓർഡിനറി ബസുകൾ. അയൽജില്ലകളിലെ സമീപ ഡിപ്പോകളിൽ നിന്നും ജില്ലയിലേക്ക് ഓർഡിനറി സർവീസുകളെത്തുന്നുണ്ട്.
ഇതോടെ വ്യത്യസ്ത തൊഴിലുകൾക്ക് പോകുന്ന സ്ത്രീകൾക്ക് പദ്ധതി ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ. വരുമാനനം ഉൾപ്പെടെ ഉൾപ്പടെ യാതൊരു മാനദണ്ഡവും ബാധകമാക്കാതെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്. പ്രത്യേക രേഖകളോ, മുൻകൂർ രജിസ്ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടയിൽ കണ്ടക്ടറിൽ നിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി 'പൂജ്യം' മൂല്യമുള്ള പ്രിയദർശിനി ടിക്കറ്റ് കൈപ്പറ്റണം. ഈ സംവിധാനത്തിലുടെ ഓരോ യാത്രയുടെയും വിവരങ്ങൾ രേഖപ്പെടുത്താനും, കൃത്യമായ കണക്കെടുപ്പ് നടത്താനും സാധിക്കും. ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തിങ്കൾ രാവിലെ 9ന് പ്രാദേശിക ഉദ്ഘാടനം നടക്കും.
സൗജന്യയാത്ര സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസകരമാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴും, പദ്ധതിയിലെ ന്യൂനതകളെ വലിയൊരു വിഭാഗം ചോദ്യം ചെയ്യുന്നു. വലിയ ശമ്പളം കൈപ്പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥയും, തുച്ഛമായ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളി സ്ത്രീക്കും ഒരുപോലെ സൗജന്യയാത്ര അനുവദിക്കുന്നത് സാമൂഹിക നീതിയല്ലെന്നാണ് വിമർശനം. ടിക്കറ്റെടുത്ത് യാത്രചെയ്യാൻ മനസ്സുള്ള വനിതാ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ആകെ ബസുകളുടെ 57%
കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ ആകെയുള്ള ബസ്സുകളിൽ 57 ശതമാനവും ഓർഡിനറി വിഭാഗത്തിൽപ്പെട്ടവയാണ്.
യാത്രാച്ചെലവ് ഇല്ലാതാകുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും വിദ്യാഭ്യാസ - സംരംഭക പ്രവർത്തനങ്ങളും വർദ്ധിക്കും
കെ.എസ്.ആർ.ടി.സി യാത്രക്കാരിൽ പകുതിയും സ്ത്രീകളായതിനാൽ പദ്ധതിയുടെ ഗുണഫലം ഓരോവീട്ടിലും നേരിട്ടെത്തും
സ്വകാര്യ വാഹനത്തിൽ നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധനഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും കുറയ്ക്കും
വിവിധ ഡിപ്പോകളും ഓർഡിനറി ബസുകളും
ആലപ്പുഴ - 41
ചേർത്തല - 34
കായംകുളം - 31
ഹരിപ്പാട് - 23
ചെങ്ങന്നൂർ - 23
എടത്വ -18
മാവേലിക്കര - 17
ആലപ്പുഴ ഡിപ്പോയിൽ നിന്നുള്ള
ഓർഡിനറി സർവീസുകൾ
വണ്ടാനം മെഡി കോളേജ്, പൊന്നാട് വഴി മുഹമ്മ, കോലോത്ത് ജെട്ടി, ചേർത്തല, തണ്ണീർമുക്കം, പുളിങ്കുന്ന് ( കഞ്ഞിപ്പാടം വഴി ), അർത്തുങ്കൽ,തട്ടാശ്ശേരി ( നെടുമുടി വഴി),ചഥുർത്യാകരി,ചങ്ങനാശ്ശേരി,ഹരിപ്പാട് ,തായങ്കരി വഴി എടത്വ, എടത്വ, വൈക്കം, തിരുവല്ല,കായംകുളം, മാവേലിക്കര, കോട്ടയം ( തണ്ണീർമുക്കം വഴി ), തോപ്പുംപടി,തോപ്പുംപടി ( അർത്തുങ്കൽ വഴി ), എറണാകുളം ( അർത്തുങ്കൽ വഴി ), ഫോർട്ട് കൊച്ചി ( അർത്തുങ്കൽ വഴി ), അമൃതാ ആശുപത്രി ( അർത്തുങ്കൽ വഴി ), ചവറ, ചുങ്കപ്പാറ, പത്തനംതിട്ട ( പന്തളം വഴി ), തൊടുപുഴ
ഞങ്ങളുടെ സ്റ്റോപ്പിൽ നിന്ന് 25 രൂപയാണ് ആലപ്പുഴയിലേക്കുള്ള ഓർഡിനറി ചാർജ്. പ്രദേശവാസികളായ അൻപതോളം സ്ത്രീകൾ വിവിധ ജോലികൾക്കായി ദിവസേന നഗരത്തിലേക്ക് സഞ്ചരിക്കുന്നു. തിരികെയുള്ള ചർജ്ജടക്കം മാസം ആയിരം രൂപയിൽപ്പരം ശമ്പളത്തിൽ നിന്ന് നീക്കിവയ്ക്കാനാകുമെന്നത് ആശ്വാസകരമാണ്
- സേതുലക്ഷ്മി, മുഹമ്മ സ്വദേശി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |