ആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിൽ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ആൺകുട്ടികൾക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. തെളിവെടുപ്പുൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ഇവർ ജാമ്യഹർജി സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്തവരായതിനാൽ ഇന്നലെ ബോർഡ് മുമ്പാകെ പരിഗണനയ്ക്കെത്തിയ ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ എതിർത്തില്ല.
ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നെങ്കിലും അത് ലഭിക്കാത്ത സാഹചര്യത്തിൽ ഉപാധികൾക്ക് വിധേയമായി മൂവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്ന് പ്രതികളുടെയും സുരക്ഷയിൽ ബോർഡ് ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഇവരുടെ സംരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ വീട്ടുകാർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ഇന്ന് കുടുംബാംഗങ്ങളെത്തി ജാമ്യത്തിൽ ഇറക്കുന്നതോടെ ഒബ്സർവേഷൻ കേന്ദ്രത്തിൽ നിന്ന് ഇവർക്ക് വീടുകളിലേക്ക് മടങ്ങാം. കൗൺസലംഗിന് വിധേയരാക്കുന്നതുൾപ്പെടെ വ്യവസ്ഥകൾ പാലിക്കണമെന്ന് ജാമ്യ ഉത്തരവിൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. കേസിലെ നാലാം പ്രതിയും മുഖ്യസൂത്രധാരയുമായ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടുള്ള പൊലീസ് അപേക്ഷ ബോർഡ് അനുവദിച്ചു.ആഗസ്റ്റ് 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ ആൺസുഹൃത്തുൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ ഏതാനും ദിവസം മുമ്പ് ബോർഡിന്റെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട്, പരവൂർ റെയിൽവേ സ്റ്റേഷനുകൾ, ഹരിപ്പാട് സ്റ്റാൻഡ്, ഹരിപ്പാട്ടെ രണ്ടു ഹോട്ടലുകൾ കുറ്റാരോപിതരുടെ വീടുകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പിനെത്തിക്കുകയും കൃത്യസമയത്ത് ധരിച്ച വസ്ത്രങ്ങളും മോഷ്ടിച്ച ആഭരണങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |