ആലപ്പുഴ: മദ്യമാഫിയകൾക്ക് ലാഭമുണ്ടാക്കാൻ ഇളവ് പ്രഖ്യാപിച്ച യു.ഡി.എഫ് തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായുള്ള ബലപ്രയോഗത്തിനിടെ ബാരിക്കേഡിനിടയിൽപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലനേതാവിന്റെ കൈവിരലിന് ഗുരുതരപരിക്കേറ്റു. ജില്ലകമ്മിറ്റിയംഗവും കായംകുളം സ്വദേശിയുമായ സന്ദീപ് പാലശ്ശേരിക്കാണ് പരിക്കേറ്റത്. വിദഗ്ദ്ധചികിത്സക്കായി എറണാകുളത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. രണ്ടുമണിക്കൂർ നീണ്ടുനിന്ന പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾ മറിച്ചിടാനുള്ള ശ്രമത്തിനിടെ കയർ വലിച്ചുകെട്ടിയിരുന്ന വൈദ്യൂതി പോസ്റ്റ് ആടിയുലഞ്ഞു. കളക്ടറേറ്റ് പ്രധാനഗേറ്റിന് എതിർവശത്തെ വൈദ്യുതിപോസ്റ്റിന്റ് ചുവടുഭാഗം ഒടിഞ്ഞ് അപകടാവസ്ഥയിലായി.
ഇന്നലെ രാവിലെ 11.30ന് ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് പ്രകടനമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കളക്ടേറേറ്റിന് മുന്നിലെത്തിയപ്പോൾ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ഇതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ പലതവണശ്രമിച്ചു.വ ചിലർ മതിൽചാടി കളക്ടറേറ്റ് വളപ്പിലേക്ക് കടന്നത് നേരിയ സംഘർഷത്തിനും തർക്കത്തിനുമിടയാക്കി. കൂടുതൽ പ്രവർത്തകർ മതിൽചാടി അകത്ത് കടന്നതോടെ പൊലീസും കാഴ്ചക്കാരായി. ഇതിനിടെ, പ്രവർത്തകർക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസുകാരൻ മദ്യലഹരിയിലായിരുന്നെന്ന് ചൂണ്ടിക്കാട്ടി തർക്കമുണ്ടായി. രണ്ട് ബാരിക്കേഡുകൾ മറിച്ചിട്ട് പൊലീസ് വലയം ഭേദിച്ചതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
ഡി.വൈ.എഫ്.ഐ ജില്ലസെക്രട്ടറി ജയിംസ് ശാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്‍കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.ശ്യാംകുമാർ, നേതാക്കളായ ദിനൂപ് വേണു, അജ്‍മൽ ഹസൻ, വി.കെ.സൂരജ്, പി.എ.അൻവർ, അനുപമ സൈജു, ജെ.മിനീസ, അനുപ്രിയ ദിനൂപ്, പി.എ.അഖിൽ, എ.എ.അക്ഷയ്, എസ്.മുകുന്ദ്, കെ.ആർ.രാംജിത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |