ആലപ്പുഴ: ട്രോളിംഗിന്റെ മറവിൽ മത്സ്യവ്യാപാരികൾ മീനിന് വില ഉയർത്തുന്നതായി ആക്ഷേപമുയരുന്നു. തീരത്തുനിന്ന് തുച്ഛമായ വിലയ്ക്ക് ലേലം ചെയ്യുന്ന മീൻ രണ്ടും മൂന്നും ഇരട്ടി വിലയ്ക്കാണ്നഗരത്തിലും നാട്ടിൻപുറങ്ങളിലും വിൽപ്പന നടത്തുന്നത്. മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ മൺസൂൺ കാലത്ത് 45 ദിവസം യന്ത്രവൽകൃത ബോട്ടുകളുപയോഗിച്ച് മത്സ്യ ബന്ധനം നിരോധിച്ചിരിക്കുന്നതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ ചെറുവള്ളങ്ങളിൽ പോയി പിടിക്കുന്ന മത്സ്യങ്ങളാണ് ആശ്രയം. ജില്ലയിലെ തോട്ടപ്പള്ളി, ചെത്തി,സമീപത്തെ അഴീക്കൽ ഹാർബറുകളിൽ നിന്നുള്ള മത്സ്യങ്ങളാണ് ഇപ്പോൾ വിപണിയിലുള്ളത്.
കാലവർഷവും കടൽക്ഷോഭവും മാറിനിൽക്കുകയും കാലാവസ്ഥാവ്യതിയാനവും മത്സ്യലഭ്യതയിൽ മുൻകാലങ്ങളിലേക്കാൾ വൻകുറവിന് കാരണമായിരിക്കെ, പരമ്പരാഗത തൊഴിലാളികൾ കട്ടമരങ്ങളിലും പൊന്തുവള്ളങ്ങളിലും ഫൈബർ ബോട്ടുകളിലുമെത്തിക്കുന്ന മത്സ്യങ്ങൾ തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തെടുത്തശേഷം രണ്ടും മൂന്നും ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുമ്പോൾ ഒരേസമയം മത്സ്യതൊഴിലാളികളും മത്സ്യം വാങ്ങുന്നവരും ചൂഷണം ചെയ്യപ്പെടുകയാണ്, തോട്ടപ്പള്ളിയുൾപ്പെടെ ഹാർബറുകളിൽ നത്തോലി, മത്തി, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് ഇപ്പോൾ സുലഭമായി ലഭിക്കുന്നത്. ഇതിൽ വൻതോതിൽ ലഭിക്കുന്ന നെത്തോലിയ്ക്ക് ഹാർബറിലെ വില കിലോഗ്രാമിന് 60 രൂപയാണ് . എന്നാൽ ചില്ലറ വിൽപ്പനശാലകളിലും മത്സ്യക്കച്ചവടക്കാരുടെവാഹനങ്ങളിലും കിലോയ്ക്ക് 180 രൂപവരെ വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുലഭമായി ലഭിക്കുന്ന മത്തിയ്ക്ക് ഹാർബറിലെ ലേലവില കിലോയ്ക്ക് 80-100 രൂപവരെയാണെങ്കിൽ ചില്ലറ വിൽപ്പന 200 രൂപ നിരക്കിലാണ്. പൂവാലൻ ചെമ്മീൻ കി.ഗ്രാമിന് 220 രൂപ നിരക്കിൽ ലഭിക്കുമെന്നിരിക്കെ കച്ചവടക്കാർ 400-450 നിരക്കിലാണ് വിൽപ്പന നടത്തുന്നത്. ഫിഷിംഗ് ബോട്ടുകളുടെ ഇന്ധന ചിലവിലും കൂലിയിലും വൻവർദ്ധനയുണ്ടാകുകയും സാധാരണ സീസണിൽ ലഭിക്കുന്നത്ര മത്സ്യം ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനിടെയാണ് അമിത വില ഈടാക്കി ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും കൊള്ള.
ട്രോളിംഗിന്റെ മറവിൽ കൊള്ളയടി
1.തീരത്തെ കൊള്ളയിൽ പൊറുതി മുട്ടിയ മത്സ്യ തൊഴിലാളികൾ മത്സ്യം വല സഹിതം ഉൾനാടുകളിലെത്തിച്ച് റോഡരികിലും മറ്റും വലകുടഞ്ഞ് വിൽപ്പന നടത്തുന്നത് ഇപ്പോൾ പതിവായി
2. ജൂൺ- ജൂലായ് മാസങ്ങളിൽ ശക്തമായ കാലവർഷത്തിനും കടലാക്രമണത്തിനുമിടയിൽ സുലഭമായി ലഭിച്ചിരുന്ന താട, പരവ, വേളൂരി, നാരൻ, പൂവാലൻ,കിളി തുടങ്ങിയ മത്സ്യങ്ങളൊന്നും ഈ സീസണിൽ ലഭിച്ചിട്ടില്ല
3.കാലവർഷ സീസണിൽ കഴിഞ്ഞ ഏതാനും ദിവസമായുണ്ടാകുന്ന ശക്തമായ ചൂടും ഈ സമയത്ത് തീരത്തെത്തേണ്ട പല മത്സ്യങ്ങളുടെയും ക്ഷാമത്തിനും കാരണമായിട്ടുണ്ട്
4.കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണവും കൊള്ളയും തടയുന്നതിനായി മത്സ്യഫെഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്തിപ്പച്ചയുൾപ്പെടെ വിൽപ്പനശാലകളിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല
ഹാർബറിൽ നിന്നും തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തുകൊണ്ടുപോകുന്ന മീൻരണ്ടും മൂന്നും ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തി കച്ചവടക്കാരും ഇടനിലക്കാരും ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും കൊള്ളയടിക്കുകയാണ്. ഇതിന് പരിഹാരം കണ്ടേ മതിയാകൂ
-സാഗർ, മത്സ്യത്തൊഴിലാളി , വലിയഴീക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |