SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.04 AM IST

വഴിമുടക്കി ക്രോസിംഗ്, സമയം തെറ്റി യാത്രികർ

ആലപ്പുഴ: അശാസ്ത്രീയ ക്രോസിംഗ് കാരണം സമയം പാഴാകുന്നുവെന്ന പരാതിയുമായി ട്രെയിൻ യാത്രക്കാർ.ക്രോസിംഗിന്റെ പേരിൽ മണിക്കൂറുകളോളം ട്രെയിനുകൾ തടഞ്ഞിടുമ്പോൾ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്യസമയത്ത് എത്താനാകാതെ വലയുകയാണ് യാത്രക്കാർ. ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.വൈകിയോട്ടം സംബന്ധിച്ച് നിരന്തരം പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.രാവിലെ 6ന് ആലപ്പുഴയിൽ നിന്ന് പോകുന്ന ധൻബാദ് എക്സ്പ്രസ് പതിമൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള മാരാരിക്കുളം സ്റ്റേഷനിൽ പതിവായി അരമണിക്കൂറോളം പിടിച്ചിടുന്നുണ്ട്.ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് കടന്നുപോയ ശേഷം മാത്രമേ ധൻബാദിന് യാത്ര തുടരാൻ സാധിക്കൂ. സമയം നഷ്ടപ്പെടുമെന്ന ഭയത്താൽ എറനാട് എക്സ്പ്രസിൽ കയറേണ്ട യാത്രക്കാരും ധൻബാദിൽ കയറുന്നതോടെ തിരക്ക് ക്രമാതീതമാകും. അരമണിക്കൂറിലേറെ വൈകി രാവിലെ 8.15 മാത്രമാണ് ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിലെത്തൂ. ഇവിടെയും ക്രോസിംഗ് തലവേദനയാണ്.വന്ദേ ഭാരത് എക്സ്പ്രസിനായി ട്രെയിൻ വീണ്ടും പിടിച്ചിടും.ഇതോടെ തൃശൂർ സ്റ്റേഷനിൽ രാവിലെ 9ന് എത്തേണ്ട ട്രെയിൻ 9.45നാണ് എത്തുക.ഇത് തൊട്ടുപിന്നാലെയുള്ള പാലരുവി എക്സ്പ്രസിനെയും വൈകിപ്പിക്കും.10ന് എത്തേണ്ട ട്രെയിൻ പതിനഞ്ച് മിനിറ്റോളം വൈകും.പാലരുവിയുടെ വൈകൽ എറണാകുളത്ത് നിന്നുള്ള ഇന്റർസിറ്റിയെയും ബാധിക്കും.രാവിലെ 7.25ന് ആലപ്പുഴയിൽ നിന്നുള്ള എറണാകുളം പാസഞ്ചർ, 9.20ന് ആലപ്പുഴയിലെത്തുന്ന കായംകുളം - എറണാകുളം പാസഞ്ചർ എന്നിവയെയും ക്രോസിംഗ് ബാധിക്കുന്നുണ്ട്. എറണാകുളത്ത് രാവിലെ 9ന് എത്തേണ്ട ആലപ്പുഴ - എറണാകുളം പാസഞ്ചർ, 11.30ന് എത്തേണ്ട കായംകുളം - എറണാകുളം പാസഞ്ചർ എന്നിവ മിക്ക ദിവസങ്ങളിലും അരമണിക്കൂറോളം വൈകാറുണ്ട്.

പിടിച്ചിടൽ പതിവ്

#ആലപ്പുഴയിൽ നിന്നുള്ളത് ഒറ്റയടിപ്പാതയായതിനാൽ ട്രെയിൻ പിടിച്ചിടാതെ മറ്റൊന്നിന് കടന്നുപോകാനാവില്ല

# എതിർദിശയിലെ ട്രെയിനിന് കടന്നുപോകാൻ പ്രധാന ട്രാക്കിൽ നിന്ന് ചെറിയ ട്രാക്കുകളിലേക്ക് മാറ്റിനിറുത്തേണ്ടി വരുന്നു

# ഒരു ട്രാക്കിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും സ്റ്റേഷനുകളിലേക്ക് പ്രവേശിക്കുമ്പോഴും ട്രെയിനുകളുടെ വേഗത ഗണ്യമായി കുറയ്ക്കേണ്ടി വരുന്നു

# ചെറിയ സ്റ്റേഷനുകളിൽ ക്രോസിംഗിനായി ട്രാക്കുകൾ ഇല്ലാത്തതും സിഗ്നൽ ലഭിക്കാൻ കാലതാമസത്തിന് കാരണമാകുന്നു

ക്രോസിംഗ് ക്രമീകരിച്ചാൽ ഒരുപരിധി വരെ പ്രശ്നം പരിഹരിക്കാനാകും. അരമണിക്കൂറോളമാണ് ചില ട്രെയിനുകൾ പിടിച്ചിടുന്നത്.ഈ സമയം കൊണ്ട് അടുത്ത സ്റ്റേഷനിലെത്താനാകും. അവിടെ ക്രോസിംഗ് നൽകുകയും ചെയ്യാം.

- സ്ഥിരം ട്രെയിൻ യാത്രക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL