SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

നെൽകൃഷിക്ക് തിരിച്ചടി, വിളവിൽ വൻകുറവ്

ആലപ്പുഴ: കാലാവസ്ഥാവ്യതിയാനവും തീരശോഷണവും കുട്ടനാട്ടിൽ നെൽകൃഷിയ്ക്ക് തിരിച്ചടിയാകുന്നതായി കൃഷിവകുപ്പിന്റെ പഠനറിപ്പോർട്ട്. 2019 മുതൽ വിളവിൽ വലിയ കുറവ് കുട്ടനാടൻ പാടങ്ങളിലുണ്ടായതായി പഠനം വ്യക്തമാക്കുന്നു. മുമ്പ് ഹെക്ടറിന്‌ ശരാശരി അഞ്ചുടൺ നെല്ല്‌ ലഭിച്ച പാടശേഖരങ്ങളിൽ വിളവ് മൂന്ന്‌ ടണ്ണോളമായി ചുരുങ്ങി.

പൂവിടുന്ന സമയങ്ങളിൽ നെല്ലിന് 32ഡിഗ്രി താപനിലയാണ്‌ അനുയോജ്യം. എന്നാൽ നിലവിൽ ശരാശരി താപനില 34 ഡിഗ്രിക്കും മുകളിലാണ്‌. ഇ‍ൗ വർദ്ധന 10ശതമാനംവരെ വിളവ്‌ കുറച്ചു. അരിമണിയുടെ തൂക്കത്തിൽ അഞ്ചുശതമാനം വരെ കുറവുണ്ടായി.

ചൂട്‌ വർദ്ധിക്കുന്നതിന്‌ ആനുപാതികമായി ജലത്തിന്റെയും മൂലകങ്ങളുടെയും സംവഹനശേഷിയും കുറയും. പ്രകാശസംശ്ലേഷണശേഷിയും കുറഞ്ഞു.
ജലസ്രോതസ്സുകളിൽ ലവണാംശം വർദ്ധിച്ചതും വേനൽകൃഷിയെ ബാധിച്ചു. പാടങ്ങളിൽ അലുമിനിയത്തിന്റെ അളവ്‌ 300 ശതമാനംവരെ അധികമായി. നെല്ലിന് ഏറ്റവും അത്യാവശ്യമായ ‘സിലിക്കൺ' കുറഞ്ഞു. മണ്ണിന്റെ പി.എച്ച് മൂല്യം 2.5വരെ താഴ്ന്നു. തീരദേശത്തെ താഴ്ന്ന ഭാഗങ്ങളിൽ ഉയർന്ന വേലിയേറ്റത്തിൽ കടൽവെള്ളം കരയിലേക്ക് കയറുന്ന തിരപ്രളയം അഥവാ ‘ടൈഡൽ ഫ്ലഡിംഗും' തിരിച്ചടിയായി. മഴയോ കാറ്റോ ഇല്ലാത്ത തെളിഞ്ഞ കാലാവസ്ഥയിലും ഇത് സംഭവിക്കാം. വേമ്പനാട്ടുകായലിലെയും അനുബന്ധ ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരാനും ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്ക് കടക്കാനും ഇത്‌ കാരണമാകുന്നു.

വില്ലനായി കാലാവസ്ഥ, തീരശോഷണം

 താപനിലയിലും ഓരുവെള്ളത്തിന്റെ വരവിലുമുണ്ടായ വർദ്ധനവാണ് വിളവിന് തിരിച്ചടിയായത്

 രാത്രിയിലെ താപനിലയുടെ വ്യത്യാസമാണ്‌ നെൽകൃഷിയിൽ വിളവിനെ ഏറെ ബാധിക്കുന്നത്‌

 പുതിയ നെൽവിത്തുകൾക്ക്‌ കാലാവസ്ഥാവ്യതിയാനമുണ്ടാക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനുമാകുന്നില്ല

ഏറ്റവും കുറവ് കഴിഞ്ഞവർഷം

(വർഷം, വിളവ്)

2021 : 4ടൺ

2022 : 4.2ടൺ

2023 : 5ടൺ

2024 : 4.2 ടൺ

2025 : 3.6ടൺ

തീരശോഷണം കാരണമുണ്ടാകുന്ന തിരപ്രളയം (ടൈഡൽ ഫ്ലഡ്‌) പാടങ്ങളിൽ ഉപ്പുവെള്ളത്തിന്റെ വരവ്‌ വർദ്ധിപ്പിച്ചതും പുഞ്ചക്കൃഷിയെ ബാധിച്ചിട്ടുണ്ട്

- കൃഷി വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL