SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

മുണ്ടിനീര് പടരുന്നു,​ വേണം ജാഗ്രത

ആലപ്പുഴ: ജില്ലയിലെ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പാരമിക്‌സോ വൈറസാണ് മുണ്ടിനീരിന് കാരണം. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. അണുബാധകാരണം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിന് മുമ്പും ശേഷവുമുള്ള നാലു മുതൽ ആറുവരെയുള്ള ദിവസങ്ങളിലാണ് രോഗം പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. മുഖത്തിന്റെ ഒരു വശത്തെയോ,​ ഇരു വശങ്ങളെയോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം.ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടാം. വിശപ്പില്ലായ്മയും ക്ഷീണവും, വേദനയും പേശി വേദനയുമാണ് മറ്റു ലക്ഷണങ്ങൾ. അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം.

തുമ്പോളി എസ്.എൻ.വി എൽ.പി.എസിന് 21ദിവസം അവധി

വിദ്യാർത്ഥികളിൽ മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുമ്പോളി എസ്.എൻ.വി.എൽ.പി സ്കൂളിന് 21 ദിവസത്തേക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ്​ നടപടി. ജൂലായ് ഒന്ന്​ മുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെയാണ് അവധി. ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിന്​ ആവശ്യമായ ക്രമീകരണങ്ങൾ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കണം.

കുടിവെള്ളം പങ്കിടരുത്

 രോഗം ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കണം.സമ്പർക്കം ഒഴിവാക്കുക.
 രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക
 ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അദ്ധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കണം

 കുടിവെള്ളം പങ്കിടാൻ കുട്ടികളെ അനുവദിക്കരുത്

 പുളിപ്പുള്ള പഴച്ചാറുകൾ പോലെയുള്ള പാനീയങ്ങൾ ഒഴിവാക്കുക
 ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക

 നീരിന്റെയും വേദനയുടെയും കാഠിന്യം കുറയ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പുവെള്ളം കവിൾക്കൊള്ളുക

 ഐസ് വയ്ക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് കൊടുക്കുന്നതും ഗുണംചെയ്യും

പല്ലുവേദന, നീര് എന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കരുത്. രോഗം തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനിടയുണ്ട്

- ഡോ.പി.വി.വിദ്യ,​ ജില്ലാമെഡിക്കൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL