SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

ലേണേഴ്സ് ടെസ്റ്റ്: 100 ആക്കാം പക്ഷെ,​ കമ്പ്യൂട്ടറുകൾ എവിടെ?

ആലപ്പുഴ: ആർ.ടി.ഓഫീസുകളിലെ ലേണേഴ്സ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം നൂറെണ്ണമാക്കി ഉയർത്താൻ മോട്ടോർ വാഹനവകുപ്പിന്റെ ഉത്തരവുണ്ടായിരിക്കെ,​ പരീക്ഷാർത്ഥികൾക്ക് ആവശ്യമായ കമ്പ്യൂട്ടറുകളില്ലാത്തത് പരീക്ഷാനടത്തിപ്പിൽ ആശയക്കുഴപ്പത്തിനിടയാക്കുന്നു. ജില്ലയിലെ ഏഴ് ജോയിന്റ് ആർ.ടി ഓഫീസുകളിൽ നിലവിൽ ശരാശരി 60 ഓളം ലേണേഴ്സ് പരീക്ഷകളാണ് നടത്തിവരുന്നത്. രാവിലെ 8 മുതൽ 10 മണിവരെയുള്ള സമയത്തിനുള്ളിൽ നടത്തിവരുന്ന ലേണേഴ്സ് പരീക്ഷയ്ക്ക് ഓഫീസിലെ കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കിയാണ് പരീക്ഷാ നടത്തിപ്പ്. ഓഫീസ് സമയം ആരംഭിക്കുന്നതിന് മുമ്പ് ലേണേഴ്സ് പരീക്ഷ പൂർത്തിയാക്കുന്നതായിരുന്നു നിലവിലെ രീതി. എന്നാൽ ടെസ്റ്റുകളുടെ എണ്ണം നൂറാക്കി ഉയർത്തുമ്പോൾ ഓഫീസ് സമയത്തിന് മുമ്പ് ലേണേഴ്സ് പരീക്ഷകൾ എങ്ങനെ പൂർത്തിയാക്കുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഓഫീസ് സമയമാകുമ്പോഴേക്കും കമ്പ്യൂട്ടറുകൾ ജീവനക്കാർക്ക് തിരികെ നൽകിയില്ലെങ്കിൽ ഓഫീസ് ജോലികളും അവതാളത്തിലാകും. പരീക്ഷാർത്ഥികൾ സ്വന്തം ഫോണിൽ ലേണേഴ്സ് പരീക്ഷയിൽ പങ്കെടുക്കുമ്പോൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ഓരോന്നും കൃത്യമായി നിരീക്ഷിക്കാനാവില്ലെന്നതും പരിമിതിയായി ചൂണ്ടിക്കാട്ടുന്നു. അതേസമയം,​ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയ നടപടിയെ ഡ്രൈവിംഗ് പരിശീലനത്തിനെത്തുന്നവർ സ്വാഗതം ചെയ്തിട്ടുണ്ട്. ഫീസടച്ച് മാസങ്ങളോളമുള്ള കാത്ത് നിൽപ്പ് ഒഴിവാക്കാൻ ഇത് സഹായകമാകുമെന്നാണ് അവരുടെ നിലപാട്.

മൊബൈലിൽ ആശയക്കുഴപ്പം

1.കമ്പ്യൂട്ടറുകളുൾപ്പെടെ ഓഫീസ് സംവിധാനങ്ങളുടെ പരിമിതിയിൽ ഉദ്യോഗാർത്ഥികളുടെ മൊബൈൽ ഫോണുകളും ടാബുകളും ലാപ്പ് ടോപ്പുകളും ടെസ്റ്റിന് ഉപയോഗപ്പെടുത്താൻ ട്രാൻ.കമ്മിഷണർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും ജീവനക്കാർ ആശയക്കുഴപ്പത്തിലാണ്

2.ഇത് പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും തകർക്കുമെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം.കമ്പ്യൂട്ടർ സ്ക്രീനിൽ കൃത്യമായ നിരീക്ഷണത്തോടെ നടക്കേണ്ട പരീക്ഷ മൊബൈൽ ഫോണിലേക്ക് മാറ്റുമ്പോൾ ക്രമക്കേടിനും തട്ടിപ്പിനു വഴിതുറക്കുമെന്ന ആശങ്കയാണ് അവർ പങ്കുവയ്ക്കുന്നത്

3.ഫോണുകളിലെ സ്ക്രീൻ ഷെയറിംഗ് ആപ്പ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് എന്നിവ ഉപയോഗിച്ച് പുറത്തുനിന്നുള്ളവർക്ക് ടെസ്റ്റ് എഴുതിക്കൊടുക്കാനാകും.ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർമാരുടെ മേൽനോട്ടത്തിലാകും പരീക്ഷയെന്നാണ് അവകാശവാദമെങ്കിലും അത് പ്രാവർത്തികമല്ല

ലേണേഴ്സ് ടെസ്റ്റിന്റെ എണ്ണം കൂട്ടിയ നടപടി സ്വാഗതാർഹം. ടെസ്റ്റിന്റെ എണ്ണം കൂട്ടുന്നനതനുസരിച്ച് അതിനുള്ള സൗകര്യങ്ങൾകൂടി സജ്ജമാക്കണം

- പ്രമോദ്, ‌ലേണേഴ്സ് പരീക്ഷാർത്ഥി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL