
ആലപ്പുഴ : ബസ് എപ്പോൾ പുറപ്പെടും, ഏത് പ്ലാറ്റ്‌ഫോമിൽ എത്തും... കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഈ വക കാര്യങ്ങളൊക്കെ അനൗൺസ്മെന്റിലൂടെ അറിയിക്കാൻ മൊബൈൽ ആപ്ളിക്കേഷൻ വികസിപ്പിച്ച് കണ്ടക്ടർ. പാലാ ഡിപ്പോയിലെ കണ്ടക്ടർ കെ.എം.അരുണാണ് യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഡിജിറ്റൽ അനൗൺസ്‌മെന്റ് സംവിധാനത്തിന് പിന്നിൽ.
'കെ.എസ്.ആർ.ടി.സി ട്രമ്പറ്റ് ' എന്ന പേരിൽ വികസിപ്പിച്ച ആപ്ലിക്കേഷനിലൂടെയാണ് പ്രവർത്തനം. വിവിധ റൂട്ടുകളിലേക്ക് സർവീസ് നടത്തുന്ന ബസുകളുടെ വിവരങ്ങൾ ഓരോ ഡിപ്പോയ്ക്കും ആപ്ളിക്കേഷനിൽ രേഖപ്പെടുത്താം. ബസ് പുറപ്പെടാനോ സ്റ്റാൻഡിലെത്താനോ സമയമായാൽ ബന്ധപ്പെട്ട ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ബസ് നമ്പർ, പുറപ്പെടുന്ന സമയം, ലക്ഷ്യസ്ഥാനം, പ്രധാന സ്റ്റോപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഗൂഗിൾ വോയ്‌സ് ഉപയോഗിച്ച് മുഴങ്ങും. മൊബൈൽ ഫോൺ സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുക.
പൊൻകുന്നം തമ്പലക്കാട് ആതിരയിൽ കെ.കെ.മോഹനൻ നായരുടെയും അംബികയുടെയും മകനായ അരുൺ 11 വർഷം മുമ്പാണ് കെ.എസ്.ആർ.ടി.സിയിൽ ജോലിയിൽ പ്രവേശിച്ചത്. കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡിപ്ലോമ പഠിച്ചിരുന്നതിനാൽ ആപ്പ് വികസനിപ്പിക്കാൻ എളുപ്പമായി.
രണ്ടുമാസം മുമ്പാണ് ആപ്ലിക്കേഷന്റെ ആദ്യപതിപ്പ് വികസിപ്പിച്ചത്. ഡിപ്പോകളിലേക്ക് പുതുതായി സ്ഥലംമാറിയെത്തുന്ന ജീവനക്കാർക്ക് ബസുകളുടെ സമയവും റൂട്ടും കൃത്യമായി ഓർത്തുവയ്ക്കുന്നതിനും ഇത് അനൗൺസ് ചെയ്യുന്നതും ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു സംവിധാനം ഒരുക്കാൻ തീരുമാനിച്ചത്. രേഷ്മയാണ് ഭാര്യ. മക്കൾ: അനന്തകൃഷ്ണൻ, ഗൗതം കൃഷ്ണ.
സംഗതി ഹിറ്റ്
പരീക്ഷണാടിസ്ഥാനത്തിൽ പാലാ ഡിപ്പോയിലാണ് സംവിധാനം ആദ്യം ഉപയോഗിച്ചത്. വിജയകരമായതോടെ ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, കട്ടപ്പന ഡിപ്പോകളിലും ഉപയോഗിച്ചുതുടങ്ങി. സൗണ്ട് സിസ്റ്റം ഒരുക്കാൻ ചില ഡിപ്പോകൾ സ്‌പോൺസർമാരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ വികസിപ്പിക്കാൻ 20,000 രൂപയോളം ചെലവായതായി അരുൺ പറഞ്ഞു.
ആപ്ലിക്കേഷന്റെ പ്രാഥമിക പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്. കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി മെച്ചപ്പെടുത്തിയ പതിപ്പ് ഉടൻ പുറത്തിറക്കും. വിവിധ ഡിപ്പോകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.
-കെ.എം. അരുൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |