SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

ഏലിയാമ്മ കൊലക്കേസ്: പ്രതി ഫ്രില്ലിക്ക് ജീവപര്യന്തവും 75,000 രൂപ പിഴയും

frilly

ആലപ്പുഴ: തുമ്പോളിയിൽ റിട്ട.അദ്ധ്യാപിക ഏലിയാമ്മയെ (ചിന്നമ്മ) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. അയൽവാസിയായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) ജീവപര്യന്തം കഠിനതടവിനും 75,000 രൂപ പിഴയടക്കാനും ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എം.ഷുഹൈബ്​ ശിക്ഷിച്ചത്​. വിവിധവകുപ്പുകളിലായി 15 വർഷം അധിക തടവും അനുഭവിക്കണം.
2010 ആഗസ്റ്റ്​​​ 12നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. കനേഡിയൻ പൗരത്വമുള്ള ഏലിയാമ്മയുടെ നാല് മക്കളും ഭർത്താവും വിദേശത്തായിരുന്നു. ജോലിക്കാരിയും ഏലിയാമ്മയും മാത്രമായിരുന്നു തുമ്പോളിയിലെ വീട്ടിൽ താമസം. സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതിനായാണ് ഫ്രില്ലി കൊലപാതകം ആസൂത്രണം ചെയ്തത്​. ജോലിക്കാരി വീട്ടിൽപോയ സമയത്ത് വീട്ടിലെത്തിയ ഫ്രില്ലി, ഏലിയാമ്മയുടെ മുഖത്ത് മുളകുപൊടി വിതറി പിന്നിൽനിന്ന് തള്ളി താഴെയിട്ട ശേഷം മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കൈത്തണ്ടയും കഴുത്തും മുറിക്കുകയായിരുന്നു. വീഴ്ചയിൽ ഏലിയാമ്മയുടെ വാരിയെല്ലുകൾ പൊട്ടി. പിന്നീട് സ്വർണവളകളും മാലയും മോഷ്ടിച്ചു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്അവിടെനിന്ന് മടങ്ങിയത്. കവർന്നെടുത്ത എട്ട് പവൻ പാതിരപ്പള്ളിയിലെ സ്വകാര്യധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തി. കൊല നടത്തുമ്പോൾ ഫ്രില്ലിക്ക് 23 വയസ്സായിരുന്നു പ്രായം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എൻ.ബി.ശാരി ഹാജരായി.

അന്വഷണസംഘത്തെ പ്രശംസിച്ച് കോടതി

സാക്ഷികളില്ലാതെ ആസൂത്രിതമായി ഫ്രില്ലി നടത്തിയ ‘കൊലപാതകം ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിച്ചതിൽ അന്വേഷണസംഘത്തെ കോടതി ​പ്രശംസിച്ചു. അന്ന് ആലപ്പുഴ നോർത്ത്​ സി.ഐയായിരുന്ന ഇപ്പോഴത്തെ എറണാകുളം വിജിലൻസ്​ ഡിവൈ.എസ്​.പി കെ.എ.തോമസാണ്​ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്​. കൃത്യത്തിനുശേഷം തമിഴ് നാടോടിസംഘത്തെ ഏലിയാമ്മയു​ടെ വീട്ടിൽകണ്ടതായി മൊഴി നൽകിയ ​​ഫ്രില്ലിയെ ആദ്യം​ പൊലീസ്​ വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽനിന്ന്​ നാടോടിസംഘത്തെ പിടികൂടി ചോദ്യം​ചെയ്​തെങ്കിലും ഇവർക്ക്​ കൊലപാതകവുമായി ബന്ധമില്ലെന്ന്​ തെളിഞ്ഞു. തുടർന്ന് ഫ്രില്ലി പൊലീസ്​ നിരീക്ഷണത്തിലായി. കൊലനടന്ന് 22ദിവസത്തിനുശേഷം പിടിയിലായ പ്രതി തുടർച്ചയായ ചോദ്യംചെയ്യലിന് ഒടുവിലാണ്​ കുറ്റംസമ്മതിച്ചത്​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL