ചേർത്തല:ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിൽ മാസങ്ങളായി പൊട്ടിക്കിടക്കുന്ന ജപ്പാൻ കുടിവെള്ള പൈപ്പ് നന്നാക്കുന്ന വിഷയത്തിൽ നഗരസഭയിൽചേർന്ന യോഗത്തിൽ ധാരണയായി. ചെയർപേഴ്സൺ എസ്.സോബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജല അതോറിറ്റി,ദേശീയപാത വിഭാഗം,പി.ഡബ്ല്യു.ഡി, നഗരസഭ, പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. അർത്തുങ്കൽ ബൈപാസിലൂടെ മാടക്കൽ ഭാഗത്തേക്ക് കടന്നു പോകുന്ന രണ്ട് പ്രധാന കുടിവെള്ള വിതരണ പൈപ്പുകളാണുള്ളത്. അതിൽ ഏത് പൈപ്പിലാണ് ചോർച്ചയെന്ന് രണ്ടു ദിവസത്തിനുള്ളിൽ വാട്ടർ അതോറിറ്റി കണ്ടെത്തും. ജലവിതരണം നിറുത്തിവച്ചിട്ടായിരിക്കും ഏത് പൈപ്പിലാണ് ചോർച്ചയുള്ളതെന്ന് കണ്ടെത്തുന്നത്. ചോർച്ച കണ്ടെത്തുന്ന പൈപ്പിന് പകരം പുതിയ പൈപ്പ് സ്ഥാപിച്ച് നൽകാമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ എൻ.എൽ വത്സലകുമാരി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അധീന രാജു,ടോമി എബ്രഹാം,എസ്.സനീഷ് കൗൺസിലർമാരായ അഡ്വ.സി.ഡി.ശങ്കർ,കെ.സി.ആന്റണി,ടെസി ബോണി,ഡി. ജ്യോതിഷ്,നഗരസഭ സെക്രട്ടറി ടി.കെ.സുജിത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |