SignIn
Kerala Kaumudi Online
Sunday, 09 August 2026 9.57 AM IST

മെഡി.കോളേജ് ആശുപത്രി: കണ്ണ് പരിശോധന മൂന്നാം നിലയിൽ, ലിഫ്റ്റില്ല,​ രോഗികൾ പടികൾ കയറണം

ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്ര ചികിത്സ വിഭാഗത്തിൽ എത്തണമെങ്കിൽ രോഗികൾ പടികൾ കയറി

മൂന്നാം നിലയിലെത്തണം. 60ന് മുകളിൽ പ്രായമുള്ളവരാണ് പ്രധാനമായും ഇവിടെ എത്തുന്നത്. ഈ ഭാഗത്ത് ലിഫ്റ്റുകളൊന്നും ഇല്ലാത്തതിനാൽ പ്രായമായ രോഗികൾക്കും അവരുടെ കൂടെ എത്തുന്നവർക്കും വളരെ പണിപ്പെട്ട് പടികൾ ചവിട്ടിക്കയറിയേ മതിയാകൂ.

ശ്വാസം മുട്ടലും മറ്റ് പല വിധ അസുഖങ്ങളും ഉള്ളവരാണ് നേത്രരോഗികളിൽ കൂടുതലും. വളരെ ബുദ്ധിമുട്ടി ഓരോ പടിയിലും നിന്നു നിന്നാണ് ഇവർ മൂന്നാം നിലയിലെ പരിശോധന മുറികളിലെത്തുന്നത്. ജില്ലയുടെ നാനാഭാഗത്ത് നിന്ന് അതിരാവിലെ എത്തി മണിക്കൂറുകൾ ക്യൂ നിന്ന് ഒ.പി ടിക്കറ്റ് എടുത്ത ശേഷം മൂന്നാം നില വരെ പടി ചവിട്ടിക്കയറി ചെല്ലുമ്പോഴേക്കും ഇവർ ആകെ തളർന്നിരിക്കും.

അവിടെ എത്തിക്കഴിഞ്ഞാൽ,​ പരിശോധനക്കായി കണ്ണിൽ മരുന്ന് ഒഴിക്കും. അര മണിക്കൂർ കണ്ണ് തുറക്കാതിരുന്നിട്ട് വേണം പരിശോധന നടത്താൻ. എന്നാൽ,​ നീറുന്ന കണ്ണുമായി ഇരിക്കാൻ ഈ ഭാഗത്ത് ഇരിപ്പിടവും വളരെ കുറവാണ്. സ്റ്റെയർകെയ്സിന്റെ പടികളിലും നിലത്തുമാണ് പലരും ഇരിക്കുന്നത്. യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഇല്ല.

പരിശോധന കഴിഞ്ഞാലും മരുന്നിന്റെ നീറ്റൽ മാറില്ല. പലർക്കും മണിക്കൂറുകൾ കഴിഞ്ഞേ കണ്ണ് തുറക്കാനാവൂ. കണ്ണ് തുറക്കാനാവാതെ കൂടെ വന്നവരുടെ കൈയും പിടിച്ച് ഇത്രയും പടികൾ താഴേയ്ക്ക് ഇറങ്ങുകയെന്നത് അതിലും കഠിനമാണ്.

നിർധനരായതുകൊണ്ട് മാത്രമാണ് ഇത്രയേറെ കഷ്ടപ്പാട് സഹിച്ച് ഇവിടെ എത്തുന്നതെന്നാണ് രോഗികൾ പറയുന്നത്. നിരവധി കെട്ടിടങ്ങൾ ഉണ്ടായിട്ടും നേത്ര വിഭാഗം മൂന്നാം നിലയിൽ തന്നെ ഒരുക്കിയിരിക്കുന്നത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്.എത്രയും വേഗം നേത്രചികിത്സാ വിഭാഗം താഴത്തേക്ക് മാറ്റുകയോ, ലിഫ്റ്റു സംവിധാനം ഒരുക്കുകയോ വേണമെന്നതാണ് രോഗികളുടെ ആവശ്യം.

നേത്ര വിഭാഗം മൂന്നാം നിലയിൽ ഒരുക്കിയിരിക്കുന്നത് തികച്ചും അശാസ്ത്രീയമാണ്. രോഗികൾ കണ്ണുതുറക്കാനാവാതെ പടികൾ കയറുന്നതും ഇറങ്ങുന്നതും കരളലിയിക്കുന്ന കാഴ്ചയാണ്.

- വി.ഉത്തമൻ അമ്പലപ്പുഴ,​ പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL