SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

രജിസ്ട്രേഷൻ ആരംഭിച്ചിട്ടും നെല്ല് സംഭരണ നയമായില്ല

# നെൽവിലയിലും തീരുമാനമില്ല

ആലപ്പുഴ: ഈ സീസണിലെ നെല്ല് സംഭരണത്തിന് സപ്ളൈകോ ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും നെല്ലിന്റെ വിലയോ,​ സംഭരണനയമോ പ്രഖ്യാപിക്കാതെ സർക്കാർ,​ ആശങ്കയോടെ കർഷകർ. ആഗസ്റ്റ് 15നാണ് ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. പുഞ്ചകൃഷിയുടെ നെല്ലിന്റെ വില ഇനിയും ലഭിക്കാത്തതുൾപ്പെടെ കർഷകരോടുള്ള അവഗണനയിലെ നിരാശയും കാലവർഷക്കെടുതിയിലുണ്ടായ നഷ്ടവും കാരണം രജിസ്ട്രേഷൻ നടപടികളോട് മുഖം തിരിക്കുന്ന മനോഭാവത്തിലാണ് കർഷകർ. കാലവർഷവും മഴക്കെടുതിയും കാരണം കുട്ടനാട്ടിലുൾപ്പെടെ പല സ്ഥലങ്ങളിലും താമസിച്ചാണ് കൃഷി ആരംഭിച്ചത്.

പാലക്കാടാണ് രജിസ്ട്രേഷനിൽ മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം 11,092 കർഷകരാണ് രജിസ്ട്രേഷൻ നടത്തിയത്. ആലപ്പുഴയിൽ 783 പേരും രജിസ്റ്റർ ചെയ്തു. മുൻകാലങ്ങളിൽ ഈ സീസണിൽ 13000-14000 കർഷകർ രജിസ്റ്റർ ചെയ്തിരുന്നിടത്താണ് ആലപ്പുഴയിൽ 1000 പേരുപോലും തികയാത്ത സാഹചര്യമുള്ളത്.

സംസ്ഥാനത്ത് അരലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വർഷം ഒന്നാം വിളയുടെ വിളവെടുപ്പിന് രജിസ്റ്റർ ചെയ്തത്. ഇത്തവണ 12000 പോലും ആയിട്ടില്ല.

കഴിഞ്ഞ സീസണിലെ നെല്ലിന്റെ വില കിട്ടാതിരിക്കെ നെല്ലിന്റെ വിലകൂട്ടാനോ,​ സംഭരണ നയം പ്രഖ്യാപിക്കാനോ തയ്യാറാകാത്ത സർക്കാർ നിലപാട് കർഷകർക്കും കർഷക സംഘടനകൾക്കുമിടയിൽ വലിയപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ നെല്ല് സംഭരിച്ച 250 കോടിയോളം രൂപയാണ് സപ്ലൈകോ കൃഷിക്കാർക്ക് നൽകാൻ ഉള്ളത്. ഓരോ വർഷവും കർഷകന് കൊടുക്കേണ്ട താങ്ങുവില കേന്ദ്രം വർദ്ധിപ്പിക്കുന്നതനുസരിച്ച് കർഷകന് കിലോയ്ക്ക് നിലവിൽ 33.21 രൂപ നൽകേണ്ടതാണ്. എന്നാൽ 30 രൂപയാണ് നിലവിൽ ലഭിക്കുന്നത്.

നെല്ല് സംഭരിച്ചാൽ 48 മണിക്കൂറിനകം പണം നൽകണമെന്നാണ് 2019 ൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പാസാക്കിയ ധാരണപത്രമെങ്കിലും നാളിതുവരെ ഇത് നടപ്പിലാക്കിയിട്ടില്ല.

രജിസ്ട്രേഷൻ ഇതുവരെ

പാലക്കാട്.......................11,092

കോട്ടയം..........................276

ആലപ്പുഴ.........................783

എറണാകുളം...................56

തൃശൂർ..............................166

കഴിഞ്ഞ സീസണിലെ വില ലഭിക്കാത്തതും സംഭരണനയം പ്രഖ്യാപിക്കാത്തതുമാണ് രജിസ്ട്രേഷൻ വൈകുന്നതിന് കാരണം.

- സോണിച്ചൻ പുളുങ്കുന്ന്,​ നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL