ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നാടെങ്ങും ഇന്ന് ശോഭാ യാത്രയും ഉറിയടി ഘോഷയാത്രയും നടക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളിലും വിപുലമായ പരിപാടികളാണ് നടക്കുക. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഉണ്ണിയപ്പം വാർക്കൽ നടക്കും. തിരുവമ്പാടി, വലിയ കലവൂർ, കലവൂർ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് രാവിലെ മുതൽ ആഘോഷം തുടങ്ങും. അമ്പലപ്പുഴയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇരട്ടകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഉറിയടി ഘോഷയാത്ര ആരംഭിക്കും. കച്ചേരി മുക്ക്, മൂടാമ്പാടി ജംഗ്ഷൻ,റെയിൽവേസ്റ്രേഷൻ, പടിഞ്ഞാറെ നട, കിഴക്കേനട എന്നിവിടങ്ങളിൽ ഉറിയടിക്ക് ശേഷം ക്ഷേത്രസന്നിധിയിൽ ഉറിയടി നടത്തും. ചെറുശോഭായാത്രകൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കച്ചേരിമുക്കിലെത്തി വൈകിട്ട് 6ന് മഹാശോഭായാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
ജില്ലയിൽ മുന്നൂറോളം കേന്ദ്രങ്ങളിൽ നടക്കുന്ന ശോഭായാത്രകളിൽ 10,000ത്തോളം കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും തോഴിമാരുടെയും വേഷമണിഞ്ഞ് അണിനിരക്കും. അവതാര കഥകളുടെ ദൃശ്യാവിഷ്കരണവുമായി നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ അകമ്പടിയേകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |