SignIn
Kerala Kaumudi Online
Monday, 19 October 2026 1.10 AM IST

അടിച്ചുപൊളിക്കാം പൂജാ അവധി  ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഹൗസ്‌ഫുൾ

തൊടുപുഴ/ പീരുമേട്: പൂജാ അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികൾ മൂന്നാറും വാഗമണ്ണും തേക്കടിയുമടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു. അടുത്ത നാളുകളിലെ ഏറ്റവും മികച്ച ബുക്കിംഗാണ് ഇത്തവണ. മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം 17 മുതൽ 25 വരെ ബുക്ക് ചെയ്യപ്പെട്ടു. സാധാരണ പൂജാ അവധിക്ക് ഉത്തരേന്ത്യക്കാർ കൂടുതലായി എത്തിയിരുന്ന സ്ഥാനത്ത്, തമിഴ്നാട്, കർണാടക സ്വദേശികളും മലബാർ മേഖലയിൽ നിന്നുള്ളവരുമാണ് ഇത്തവണ കൂടുതലും റൂമുകൾ ബുക്ക് ചെയ്തിരിക്കുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പൂജാ അവധിയെങ്കിലും ശനി മുതൽ മിക്ക ഹോട്ടലുകളിലും റിസോർട്ടുകളിലും മുറി ലഭ്യമല്ല. കൂടുതൽ പേരും മൂന്ന് ദിവസത്തെ യാത്ര ക്രമീകരിച്ച് എത്തുന്നവരാണ്. എന്നാൽ കർണാടകയിൽ പത്ത് ദിവസം അവധിയായതിനാൽ ഇവിടെ നിന്നുള്ളവർ കൂടുതൽ ദിവസം തങ്ങും. ഫോൺ മുഖാന്തിരവും ഓൺലൈൻ വഴിയും ബുക്കിംഗുകൾ ധാരാളം വരുന്നുണ്ട്. പാക്കേജുകൾ തിരക്കി വരുന്നവരാണ് അധികവും. ശനി, ഞായർ ദിവസങ്ങളിൽ പൊതുവേ സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്. സഞ്ചാരികളുടെ തിരക്കേറിയാൽ അടിമാലി- മൂന്നാർ റോഡ്, കുമളി- തേക്കടി റോഡ്, കോട്ടയം- വാഗമൺ റോഡ് എന്നീ പാതകളിൽ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടും. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്തില്ലെങ്കിൽ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവാകും ഈ പൂജാ അവധി.

ചില്ലുപാലം ഇനിയും തുറന്നില്ല

വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ വലിയ ആകർഷക ഘടകമായിരുന്ന
ചില്ലുപാലം അടച്ചുപൂട്ടിയതോടെ സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഡിസംബറിലാണ് ചില്ലുപാലം അടച്ചത്. കോഴിക്കോട് എൻ.ഐ.ടി പരിശോധന നടത്തി വിഷു അവധിക്ക് തുറക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാനായിട്ടില്ല.

അടിസ്ഥാന സൗകര്യമില്ല

മൂന്നാറിലും വാഗമണ്ണിലുമെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇപ്പോഴും ഇടമില്ല. അടിസ്ഥാന സൗകര്യം ഒരുക്കാൻ അധികൃത‌ർ തയ്യാറാകണമെന്നത് വ്യാപാരികളുടെയും സഞ്ചാരികളുടെയും നിരന്തര ആവശ്യമാണ്. എന്നാൽ അധികൃതർ ഇത് ചെവികൊള്ളുന്നില്ല. ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള മൂന്നാറിലെയും വാഗമണ്ണിലെയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വലിയ ന്യൂനതയാണ്. വിനോദസഞ്ചാരികളുടെ കൈയിൽ നിന്ന് പണം വാങ്ങുന്നതല്ലാതെ അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തിൽ അധികൃത‌ർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL