SignIn
Kerala Kaumudi Online
Monday, 19 October 2026 1.11 AM IST

അടയ്ക്ക, ജാതിക്ക വ്യവസായം; ഇറക്കുമതിയിലും വിലയിടിവിലും വലഞ്ഞ് കർഷകർ

f

തൃശൂർ: പരമ്പരാഗത കാർഷിക മേഖലയായ അടയ്ക്ക വ്യവസായം കടുത്ത പ്രതിസന്ധിയിൽ. സീസണിൽ കിലോയ്ക്ക് 440 മുതൽ 450 രൂപ വരെ വിലയുണ്ടായത് ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് വിലയിടിവിന് പ്രധാന കാരണം. മ്യാൻമാർ, ബർമ്മ, മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അടയ്ക്ക രാജ്യത്തേക്ക് എത്തുന്നതാണ് പ്രധാന പ്രതിസന്ധി. കേരളത്തിലെ പ്രധാന മാർക്കറ്റുകളായ പഴഞ്ഞി, ചങ്ങരംകുളം എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ നാഗ്‌പുർ (വാഡി), ഇൻഡോർ വിപണികളിലേക്കായിരുന്നു അടയ്ക്ക കയറ്റിഅയച്ചിരുന്നത്. പാൻ, ഗുഡ്ക നിർമ്മാണത്തിനായിരുന്നു ഇത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സീസണിൽ വിളവെടുത്ത അടയ്ക്കയിൽ 70 ശതമാനത്തോളം ചെറുകിട - ഇടത്തരം വ്യാപാരികൾക്ക് വിറ്റിരുന്നു. ഇത് സംസ്കരിച്ച് കയറ്റുമതി ചെയ്യുമ്പോൾ ചെറുകിട വ്യാപാരികൾക്കാണ് നഷ്ടം സഹിക്കേണ്ടി വരുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അടയ്ക്ക ഇറക്കുമതി മൂലം അടുത്ത സീസണിൽ കർഷകർക്കും പ്രതിസന്ധിയാകുമെന്നാണ് ആശങ്ക.


പ്രതിസന്ധി വേറെയും

കവുങ്ങുകളിൽ കയറി വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്തതും കവുങ്ങ് ഒന്നിന് 50 മുതൽ 60 രൂപ വരെ കൂലി നൽകേണ്ടി വരുന്നതും കൃഷി ലാഭരഹിതമാക്കുന്നുവെന്ന് കർഷകർ പരാതിപ്പെടുന്നു. അടയ്ക്ക കർഷകർ ജാതിക്കൃഷിയിലേക്ക് മാറുന്നതും പുതിയ തലമുറ കടന്നുവരാത്തതും തിരിച്ചടിയാണ്. കുന്നംകുളം, പഴുവിൽ, കാട്ടകാമ്പാൽ, ഒങ്ങാലൂർ, കേച്ചേരി, ചൂണ്ടൽ, ഇയ്യൽ, ചങ്ങരംകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള അടയ്ക്ക കൃഷിക്ക് ഇത് തിരിച്ചടിയാകുന്നുണ്ട്. 5ശതമാനം നികുതി ഭാരവും കൂടാതെ മായം ചേർക്കലും മാർക്കറ്റ് കുറയ്ക്കുന്നുവെന്നാണ് വ്യാപാരികളുടെ പക്ഷം.

ജാതിക്കാ വിപണിയിലും

അടയ്ക്കയ്‌ക്കൊപ്പം ജാതിക്കാ വിപണിയിലും പ്രതിസന്ധിയുണ്ട്. സീസണിൽ കിലോയ്ക്ക് 650രൂപ വരെ ലഭിച്ചിരുന്ന ജാതിക്കാ പരിപ്പിന് ഇപ്പോൾ 550 മുതൽ 600 രൂപ വരെയാണ് വില. യുദ്ധവും ആഗോളപ്രശ്‌നങ്ങളും കാരണം കണ്ടെയ്‌നർ നിരക്കുകൾ കുത്തനെ ഉയർന്നു. ആറ് മുതൽ ആറരലക്ഷം രൂപയായിരുന്ന കണ്ടെയ്‌നർ നിരക്ക് ഇപ്പോൾ 15ലക്ഷം രൂപയാണ്. ഇതോടെ ജാതിക്ക കയറ്റി അയക്കുമ്പോൾ കിലോയ്ക്ക് 50- 60 രൂപ വരെ നഷ്ടം സഹിക്കേണ്ടി വരുന്നുവെന്നാണ് പരാതി.

 സീസണിൽ കർഷകരിൽ നിന്ന് നല്ല വിലയ്ക്ക് സംഭരിച്ച് പ്രോസസ് ചെയ്തുവച്ച അടയ്ക്ക വിറ്റഴിക്കാനാവാതെ വിപണിയിൽ കെട്ടിക്കിടക്കുകയാണ്. നാഗ്പൂർ, ഇൻഡോർ വിപണികളിൽ ഡിമാൻഡ് ഇല്ലാത്തതും കൊടുത്ത സാധനങ്ങളുടെ പണം കിട്ടാൻ വൈകുന്നതും പ്രതിസന്ധിയാണ്.

- സിജി മുരളീധരൻ, മലഞ്ചരക്ക് വ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL