കൊല്ലം: പടിഞ്ഞാറൻ ജർമ്മൻ നഗരമായ ബോഹുമിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കുണ്ടറ പെരിനാട് ചെമ്മക്കാട്ട് അശ്വനി നിവാസിൽ അഞ്ജലി.എസ്.ജോയിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ വിമാനത്തിൽ നാട്ടിലേക്ക് അയച്ചേക്കും. ഇന്ന് ഉച്ചയോടെ അന്തിമവിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇങ്ങനെയെങ്കിൽ മൃതദേഹം ചൊവ്വാഴ്ചയോടെ വീട്ടിലെത്തിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ബോഹുമിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന ജന്നാലയിലൂടെ അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ജലി ഉൾപ്പടെ മൂന്ന് മലയാളികൾ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ഒരേ കാർഗോ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഔദ്യോഗിക രേഖകളും നിയമനടപടികളും വെള്ളിയാഴ്ച പൂർത്തിയാക്കിയിരുന്നു.
കാർഗോ വിമാനത്തിൽ ആവശ്യമായ സ്ഥലം ലഭിക്കാത്തതാണ് യാത്ര വൈകാൻ കാരണം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ നോർക്ക റൂട്ട്സ് വഹിക്കും. നിലവിൽ മൃതദേഹങ്ങൾ ഫ്യൂണറൽ ഹോമിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലം ചാമക്കട അശ്വിൻ ഭവനിൽ ജോയ്-ഷീല ദമ്പതികളുടെ മകളാണ് അഞ്ജലി. ഈ വർഷം ജൂലായിലാണ് ജർമനിയിലെത്തിയത്. സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിലായിരുന്നു ജോലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |