
ആലപ്പുഴ: സുഹൃത്തിനെ വിളിച്ചു വരുത്തി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് വാർഡ് 12ൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. ആഗസ്റ്റ് 29ന് രാത്രി 11:30 മണിയോടെ സുഹൃത്ത് അനിലിനെ ഫോണിലൂടെ വിളിച്ചുവരുത്തിയാണ് വെട്ടി പരിക്കേൽപ്പിച്ചത്. പാതിരാപ്പള്ളി പടിഞ്ഞാറ് ജംഗ്ഷന് തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശം ഇടവഴിയിൽ വെച്ച് അനിലിനെ അസഭ്യം വിളിക്കുകയും, കൈയിൽ കരുതിയിരുന്ന കത്തി പോലുള്ള ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതു കഴുത്തിനും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽപ്പോയി. സംസ്ഥാനത്തിന്റെ വിവിധസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ അഭിജിത്തിനെ വിവിധസംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലൂടെ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ നോർത്ത് എസ്.ഐ ദേവികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയർ സി.പി.ഒമാരായ സിദ്ധിഖ്, വിനയൻ, ആന്റണി രതീഷ്, സി.പി.ഒമാരായ ഗിരീഷ്, സുജിത്ത്, പ്രണവ്, ഹരിപ്പാട് സ്റ്റേഷനിലെ പൊലീസ് ഓഫീസർ ഹരി എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |