
തുറവൂർ: അരൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഇക്കോ ടൂറിസം പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിനായുള്ള പ്രാഥമിക സാദ്ധ്യതാ പഠനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന ഇക്കോ ടൂറിസം ഡയറക്ടർ എസ്. വിനോദ് നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പഠനം നടത്തി. ഡെപ്യൂട്ടി സ്പീക്കർ അഡ്വ.ഷാനിമോൾ ഉസ്മാൻ, ടൂറിസം ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം രണ്ടുദിവസങ്ങളിലായിട്ടാണ് അദ്ദേഹം പ്രദേശങ്ങൾ സന്ദർശിച്ചത്.
കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ തഴുപ്പ് പ്രദേശം, കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ ചങ്ങരം, ചേരുങ്കൽ മേഖലകൾ, എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കാക്കത്തുരുത്ത്, നീണ്ടകര, നരിയാണ്ടി പ്രദേശങ്ങൾ, അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ ബോട്ട് ടെർമിനൽ, പെരുമ്പളം ഗ്രാമപഞ്ചായത്ത്, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കുട്ടൻചാൽ, തൈക്കാട്ടുശ്ശേരി പാർക്ക്, ഉള്ളവൈപ്പ് കായൽ മേഖല എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങളും സ്ഥലങ്ങളുടെ പ്രത്യേകതകളും ശേഖരിച്ചു. പഠനത്തിന്റെ അടിസ്ഥാനത്തിൽ അരൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി സമഗ്രമായ ഇക്കോ ടൂറിസം വികസന പദ്ധതി തയ്യാറാക്കി ഉടൻ വിനോദസഞ്ചാര മന്ത്രിക്ക് സമർപ്പിക്കുമെന്ന് സംസ്ഥാന ഇക്കോ ടൂറിസം ഡയറക്ടർ അറിയിച്ചു.
പദ്ധതി യാഥാർത്ഥ്യമായാൽ കായൽ-തീരദേശ മേഖലകളുടെ പ്രകൃതിഭംഗി സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര വികസനത്തിനും പ്രദേശത്തെ ജനങ്ങൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |