
തൃശൂർ: ജില്ലയിൽ വാഹനാപകട പരമ്പര തുടരുന്നു. ഒരാഴ്ച മുമ്പ് കയ്പമംഗലത്ത് കാർ ചരക്ക് ലോറിയിലിടിച്ച് എട്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെയും വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇന്നലെ മണ്ണുത്തി ദേശീയപാതയിൽ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണംവിട്ട് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. ബസ് കാത്തുനിന്നിരുന്ന വാണിയമ്പാറ സ്വദേശി അബ്ദുൾ റസാഖാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. എടത്തിരുത്തി അയ്യൻപടിയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞാണി-അന്തിക്കാട് റോഡിൽ കപ്പേളയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. കാഞ്ഞാണി സ്വദേശി ഗൗതം (16) ആണ് മരിച്ചത്.
ആലപ്പാട് ഇരട്ടപ്പാലത്തിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതും കഴിഞ്ഞ ദിവസമാണ്. പൈനൂർ തച്ചപ്പിള്ളി പ്രകാശൻ (57) ആണ് മരിച്ചത്. ശനിയാഴ്ച ദേശീയപാതയിൽ തടി കയറ്റിയെത്തിയ മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്കും പരിക്കേറ്റിരുന്നു. തുടർച്ചയായ അപകടങ്ങൾ ജില്ലയിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമാക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |