
ആലപ്പുഴ: സദ്യവട്ടങ്ങളൊരുക്കിയിരുന്ന പിതാവിന്റെ സഹായിയായി പ്രീഡിഗ്രി കാലത്ത് പഠനം ഉപേക്ഷിച്ച് പോയതോടെ ജീവിതം മാറിമറിഞ്ഞകഥയാണ് അരൂക്കുറ്റി പാണാവള്ളി തൃച്ചാറ്റുകുളം കാവേത്ത് സുരേഷ് കുമാറിന് പറയാനുള്ളത്. സദ്യവട്ടങ്ങളിൽ തുടങ്ങി പിന്നീട് പായസത്തിന്റെ സ്പെഷ്യലിസ്റ്റായി മാറിയ സുരേഷ് ഈ ഓണക്കാലത്ത് മാത്രം വിറ്റഴിച്ചത് അരലക്ഷം ലിറ്ററിലേറെ പായസമാണ്. ഈ 48കാരന്റെ ഉടമസ്ഥതയിലുള്ള തിരുവോണം കാറ്ററിംഗിന്റെ പായസവിൽപ്പനയ്ക്ക് മദ്ധ്യകേരളത്തിൽ ആറ് ജില്ലകളിലായി 700ലധികം വിൽപ്പനശാലകൾ ഇപ്പോഴുണ്ട്. പ്രതിദിനം വിൽക്കുന്നത് ആയിരക്കണക്കിന് ലിറ്റർ പായസവും.
ഗുണമേൻമയും രുചിപ്പെരുമയും തുച്ഛമായ വിലയുമാണ് തിരുവോണം പായസത്തിന്റെ പ്രത്യേകതയെന്ന് സുരേഷ് കുമാർ പറയുന്നു. എറണാകുളം കേന്ദ്രീകരിച്ച് സദ്യവട്ടങ്ങളൊരുക്കിയിരുന്ന പരേതനായ വേലായുധ കൈമളിന്റെയും വീട്ടമ്മയായ വിജയലക്ഷ്മിയുടെയും മൂത്തമകനായ സുരേഷ് കുമാർ അച്ഛന് പുറമേ എറണാകുളം കരയോഗത്തിലെ സദ്യവട്ടങ്ങളുടെ കുലപതിയായിരുന്ന കുമ്പളം രവിവർമ്മ തിരുമുൽപ്പാടിന്റെയും വലിയച്ഛൻ ചന്ദ്രശേഖര കൈമളിന്റെയും പക്കൽ നിന്ന് സ്വായത്തമാക്കിയ പാചക വിദ്യകളുമായി കടവന്ത്രയിലെ പ്രശസ്ത പാചകവിദഗ്ദനായിരുന്ന വിനായക അനന്തരാമസ്വാമിയുടെ ശിഷ്യനായി. ഇതോടെ ഭാഗവത സത്രംപോലെ ലക്ഷങ്ങൾ പങ്കെടുക്കുന്ന സദ്യവട്ടങ്ങളുടെ നേതൃത്വമേറ്റെടുത്തു തുടങ്ങി. 25ഓളം തൊടുകറിക്കൂട്ടുകളും വിവിധയിനം പായസങ്ങളുമുൾപ്പെട്ട സദ്യവട്ടങ്ങളിൽ സുരേഷ് കുമാറിന്റെ കൈപ്പുണ്യം പുകൾപെറ്റ സമയത്തായിരുന്നു വിവാഹം. വിവാഹശേഷം 2008ൽ വൈറ്റില കേന്ദ്രീകരിച്ച് തിരുവോണമെന്ന പേരിൽ സ്വന്തമായി കാറ്ററിംഗ് ഗ്രൂപ്പ് ആരംഭിച്ചു. ഇക്കാലത്ത് പായസത്തിന്റെ സ്പെഷ്യലിസ്റ്റായും പേരെടുത്തു. കൊവിഡ് കാലത്താണ് തട്ടകം വീട്ടിലേക്ക് മാറ്റപ്പെട്ടത്. പച്ചക്കറി - പലവ്യഞ്ജന സാധനങ്ങൾക്ക് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം സദ്യവട്ടങ്ങളെ ബാധിച്ചപ്പോൾ സുരേഷ് കുമാർ പായസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒമ്പത് ഇനം പായസം
പാലട, പാൽപ്പായസം, സേമ്യ, പരിപ്പ് പ്രഥമൻ, അടപ്രഥമൻ,കടലപ്രഥമൻ, ഗോതമ്പ് പ്രഥമൻ, പഴ പ്രഥമൻ, ചക്ക പ്രഥമൻ എന്നിങ്ങനെ ഒമ്പത് ഇനങ്ങളിലുള്ള പായസമാണ് തിരുവോണം ഗ്രൂപ്പിന്റെ മുഖമുദ്ര. എറണാകുളം മിൽമയിൽ നിന്ന് പാലെത്തിച്ച് നൂറോളം ജീവനക്കാരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം പായസനിർമ്മാണത്തിനായി തിരുവോണത്തിന്റെ കലവറ ഉണരും. ഗ്യാസ് അടുപ്പിലാണ് നിർമ്മാണം. നേരം പുലരുമ്പോഴേക്കും പായസങ്ങളെല്ലാം പായ്ക്കറ്റിലാക്കി ഔട്ട് ലെറ്റുകളിലെത്തും. സുരേഷ് കുമാറിന്റെ പായസക്കമ്പനി ജീവിതം മധുരതരമാക്കിയതോടെ കൃഷിവകുപ്പ് ജീവനക്കാരിയായിരുന്ന ഭാര്യ അശ്വതി ജോലി രാജിവച്ച് കാറ്ററിംഗ് കമ്പനിയുടെ ഭാഗമായി. ബി.ടെക് (ഫുഡ് ടെക്നോളജി) വിദ്യാർത്ഥിനിയായ വിജയലക്ഷ്മിയും പ്ളസ് വൺ വിദ്യാർത്ഥി കാശിനാഥുമാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |