അമ്പലപ്പുഴ: 25 വയസ്സുള്ള യുവതിക്ക് അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി നടത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ . വയറിന്റെ ഇടത് വശം മുകൾഭാഗത്തായി വേദനയുമായാണ് യുവതി സർജറി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത്. മരുന്നുകൾ കഴിച്ചിട്ടും മാറാത്തതിനാൽ വിശദമായ പരിശോധനയിൽ പിത്തസഞ്ചിയിലെ കല്ലുകളാണ് കാരണമെന്ന് കണ്ടെത്തി. സാധാരണ മനുഷ്യരിൽ ശരീരത്തിന്റെ ഇടത് വശത്തുള്ള ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ വലത് ഭാഗത്തേക്കും കരളും പിത്ത സഞ്ചിയും ഇടത് ഭാഗത്തേക്കും മാറിയിരിക്കുന്ന സ്ഥിതിയിലായിരുന്നു യുവതി. ലോകത്തിൽ ഇത്തരത്തിലുള്ള ശസ്ത്രക്രിയ ഇരുനൂറെണ്ണം മാത്രമേ നടന്നിട്ടുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു. ലാപ്രോസ്കോപ്പിക് സർജൻ ഡോ. സൈദ് അഫ്സലിന്റെ നേതൃത്വത്തിലുള്ള ടീം വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി. രോഗി സുഖമായി ആശുപത്രി വിട്ടു . ഡോ. വീണ, ഡോ. ബിബി മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. നീന, ഡോ. ആർഷ, ഡോ. നിമിഷ എന്നിവർ സുരക്ഷിതമായി അനസ്തേഷ്യ നൽകി. സർജറി വിഭാഗം എസ്. 2 യൂണിറ്റ് ചീഫ് ഡോ .രാംലാൽ,ലാപ്രോ സർജൻ സൈദ് അഫ്സൽ, ഡോ. അരവിന്ദ്, ഡോ. നീതു, ഡോ. ക്ലീനോ ,ഡോ. ശ്രീജൻ എന്നിവരുൾപ്പെടുന്ന ടീമും നഴ്സുമാരായ മേരി,ലത, റെജില ,സപ്പോർട്ട് സ്റ്റാഫ് സന്ധ്യ എന്നിവരാണ് ശസ്ത്രക്രികയയിൽ പങ്കാളികളായത്.
സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം രൂപ ചെലവാവരും. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് മുഖേന സൗജന്യമായാണ് ശസ്ത്രക്രിയ ചെയ്തതെന്ന് സൂപ്രണ്ട് ഡോ. ലക്ഷ്മി അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |