ആലപ്പുഴ: ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ 80 -ാമത് വാർഷിക വാരാചരണം നാളെ സി.എച്ച് കണാരൻ ദിനത്തിൽ തുടക്കമാകും. രാവിലെ എട്ടിന് ഏരിയയയിലെ വിവിധ കേന്ദ്രങ്ങളിലും പ്രധാന ജംഗ്ഷനുകളിലും സി.പി.എം, സി.പി.ഐ പ്രവർത്തകരും വിവിധ സംഘടനാ പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് പതാകയുയർത്തും. സമരഭൂമിയിലെ രക്തസാക്ഷിമണ്ഡപ നടയിൽ ഉയർത്തുന്നതിനുള്ള രക്തപതാക വൈകിട്ട് 4 ന് സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന തോട്ടപ്പള്ളി മണ്ണുമ്പുറം ഉന്നതിയിലെ പുതുവൻ വീട്ടിൽ മണിയന്റെ സ്മരണാർഥം മകൻ സുനിൽ കുമാറിൽ നിന്ന് മുൻ എം.എൽ.എ എച്ച്.സലാം ഏറ്റുവാങ്ങി സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വി.സി.മധുവിന് കൈമാറും.
സമരഭൂമിയിൽ സ്ഥാപിക്കുന്നതിനുള്ള കൊടിമരം പുന്നപ്ര വയലാർ സമരസേനാനി പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പതിമൂന്നിൽ തങ്കപ്പന്റെ സ്മരണാർഥം മകൻ പി ടി മധുവിൽ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി സി.ഷാംജി വൈകിട്ട് 3.30ന് ഏറ്റുവാങ്ങി പുന്നപ്ര കിഴക്ക് സംഘടക സമിതി സെക്രട്ടറി സി.വി.അനിയൻ കുഞ്ഞിന് കൈമാറും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഇരു ജാഥകളും വൈകിട്ട് 5.30ന് സമരഭൂമിയിൽ എത്തിച്ചേരും. തുടർന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ. കെ.ജയൻ പതാക ഉയർത്തും.
തുടർന്ന് സമരഭൂമി നഗറിൽ ചേരുന്ന സി എച്ച് അനുസ്മരണത്തിൽ സി.ഷാംജി, ഇ കെ ജയൻ എന്നിവർ സംസാരിക്കും. എ.പി.ഗുരുലാൽ അദ്ധ്യക്ഷനാകും. 6.30 ന് ഫാസിസ്റ്റ് വിരുദ്ധ പോരാടത്തിൽ വിദ്യാർത്ഥികൾക്കുള്ള പങ്ക്, ജന്തർ മന്ദിറിൽ ഉയരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾ എന്ന വിഷയങ്ങളിൽ നടത്തുന്ന സെമിനാർ എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യും. എച്ച്.സലാം അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |